നന്തായ്വനം പ്രദേശത്ത് ക്വാറി പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നതിനെതിരെ നടന്ന പ്രതിഷേധമാർച്ച്
കിളിമാനൂർ: സാധാരണക്കാരും കർഷകരും തിങ്ങിപ്പാർക്കുന്ന ഗ്രാമപ്രദേശത്തിന്റെ സ്വൈരജീവിതം തകർക്കാനായി വീണ്ടും പാറക്വാറി. നഗരൂർ പഞ്ചായത്തിലെ നന്തായ്വനം പ്രദേശത്താണ് ക്വാറി പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നത്.
പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരത്തിനായി നിർമിച്ച ജലസംഭരണി പോലും നശിക്കുമെന്ന അവസ്ഥ സംജാതമായതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധമാർച്ചിൽ 250 പേർ അണിനിരന്നു. ക്വാറിക്ക് അനുമതി നൽകരുതെന്നുകാട്ടി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നിവേദനവും നൽകി.
എം.എസ് ഗ്രാനൈറ്റ് ആൻറ് ക്വാറി എന്ന സ്ഥാപനത്തിനെതിരെയാണ് നന്തായ്വനം റസിഡൻസ് അസോസിയേഷൻ പരാതിയുമായി രംഗത്തെത്തിയത്.
നഗരൂർ, കരവാരം, പുളിമാത്ത് പഞ്ചായത്തുകളുടെ കുടിവെള്ളക്ഷാമത്തിനുള്ള പരിഹാരമായി അടുത്തിടെ സ്ഥാപിച്ച ശുദ്ധജല ടാങ്ക് ഇതിനടുത്തായാണ്. 14 ലക്ഷം ലിറ്ററാണ് ഇതിന്റെ സംരക്ഷണ ശേഷി. ക്വാറി ആരംഭിച്ചാൽ ടാങ്ക് തകർന്നേക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു.
ഇതിന് സമീപത്ത് 130 മീറ്റർ അകലെയായാണ് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം സ്ഥിതിചെയ്യുന്നത്. എസ്.ജി നമ്പർ 26 -ൽ ക്വാറിക്ക് അപേക്ഷ നൽകിയിരിക്കുകയാണ്.
എസ്.ജി നമ്പർ- 29 ലാണ് ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം പണി ആരംഭിച്ചത്. കെട്ടിടത്തിന്റെ ബലക്ഷയത്തിന് ക്വാറി പ്രവർത്തനം കാരണമാകും. സമീപത്തായുള്ള ആരാധനാലയത്തിന് ഇവിടെ നിന്ന് 260 മീറ്റർ അകലം മാത്രമാണുള്ളത്. നഗരൂർ നെടുമ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ, കേളമ്പിവിള ഉന്നതി, അമ്പതിൽപ്പരം കുടുംബങ്ങളും പ്രദേശത്തുണ്ട്. സ്കൂളിലേക്ക് നിരവധി കുട്ടികൾ കാൽനടയായാണ് സഞ്ചരിക്കുന്നത്.
കരവാരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന മലിനജലം നന്തായ്വനത്തെ 30 ഏക്കറോളം വരുന്ന നെൽകൃഷിക്ക് ദോഷമാകുന്നതായി കർഷകർ പറയുന്നു. മലിനജലത്തോടൊപ്പം ഡീസലും ചെറുതോടുകളിലൂടെ അരത്തകണ്ടൻചിറയിലെത്തി പാടശേഖരങ്ങളിലെ നെൽകൃഷി നശിപ്പിക്കുന്നു.
പുതിയ ക്വാറികൂടി വരുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. നന്തായ്വനം റോഡിന്റെ 90 ശതമാനം ഭാഗവും നീർചാലിനോടുചേർന്നുള്ളതാണ്.
അമിതഭാരവും കയറ്റി വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന തോടെ റോഡ് വളരെപ്പെട്ടന്ന് തകർന്നുപോകും. പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുമെന്നും ജനങ്ങൾ പറയുന്നു. ശക്തമായ സ്ഫോടനവും പൊടിപടലങ്ങളും ജനവാസ മേഖലയുടെ നിലനിൽപ്പുതന്നെ തകിടം മറിച്ചേക്കാമെന്ന് നാട്ടുകാർ പറയുന്നു.
നന്തായ്വനം മാറേത്ത് ജങ്ഷനിൽ നിന്നാരംഭിച്ച റാലിയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ അണിചേർന്നു. പ്രതിഷേധ മാർച്ച് നഗരൂർ പൊലീസ് സ്റ്റേഷന് സമീപം സമാപിച്ചു. വരുംദിവസങ്ങിൽ സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.