ക​രു​പ്പൂ​ര് വി​ല്ലേ​ജ് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

വിജിലൻസ് റെയ്ഡ്; കരുപ്പൂര് വില്ലേജ് ഓഫിസിൽ നിന്ന് പണവും മദ്യക്കുപ്പിയും കണ്ടെത്തി

നെടുമങ്ങാട്: കരുപ്പൂര് വില്ലേജ് ഓഫിസിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 12,000 രൂപയും ഒരു ഫയലിനുള്ളിൽ നിന്ന് മദ്യം അടങ്ങുന്ന കുപ്പിയും കണ്ടെടുത്തു. ഓഫിസിൽ നടക്കുന്ന അഴിമതികൾ സംബന്ധിച്ച് നൽകിയ പരാതിയെ തുടർന്നു നടത്തിയ റെയ്ഡിലാണ് പണവും മദ്യവും പിടികൂടിയത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് തിരുവനന്തപുരം വിജിലൻസ് ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ട് ഓഫിസിൽ പരിശോധന തുടങ്ങിയത്. വിജിലൻസ് ഉദ്യോഗസ്ഥർ എത്തുമ്പോൾ വില്ലേജോഫീസർ പ്രദീപ് കുമാറും അഞ്ച് ജീവനക്കാരും ഹാജരുണ്ടായിരുന്നു. സ്റ്റോർ റൂമിലെ അലമാരയ്ക്കുള്ളിൽ ഫയൽ പരിശോധിക്കുന്നതിനിടെയാണ് ഫയലിനുള്ളിൽ പൊതിഞ്ഞ നിലയിൽ മദ്യമടങ്ങിയ കുപ്പി കാണപ്പെട്ടത്. ആരോ പാരിതോഷികമായി നൽകിയതാകാമെന്നാണ് സംശയിക്കുന്നത്.

ഫയലുകൾ സൂക്ഷിക്കുന്ന മുറിയിലെ മേശവലിപ്പിൽ നിന്നാണ് കണക്കിൽപ്പെടാതെ 12,000 രൂപ പിടിച്ചെടുത്തത്. ഒരു ടിഫിൻ ബോക്സിൽ സൂക്ഷിച്ച നിലയിൽ ചെറിയ തുകകളുടെ നോട്ടുകളും കണ്ടെടുത്തു. പോക്കുവരവിനും ഭൂമി തരം മാറ്റുന്നതിനും മറ്റുമായി ഇടനിലക്കാർ മുഖേന വ്യാപകമായി ജീവനക്കാർ പണം വാങ്ങുന്നതായി ജില്ല കലക്ടർക്ക് മൂന്നു മാസം മുമ്പ് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീടാണ് വിജിലൻസിന് പരാതി കൈമാറിയത്.

ഏഴു പേരടങ്ങിയ വിജിലൻസ് ടീം രാത്രി 8.30 ഓടെയാണ് പരിശോധന അവസാനിപ്പിച്ചത്. ഇൻസ്പെക്ടർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന്റെ റിപ്പോർട്ട് ഇന്നുതന്നെ വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

Tags:    
News Summary - Vigilance raid; Money and liquor bottle found at Karuppur village office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.