ശാസ്താംകോട്ട: 64 ചെറുപ്പക്കാരുടെ ദാരുണ മരണത്തിന് കാരണമായ ശാസ്താംകോട്ട ഫോളിഡോൾ ദുരന്തത്തിന് ഇന്ന് 60 വയസ്സ്. പട്ടാളത്തിൽ ചേരാനായുള്ള പരിശീലനത്തിന് ഒത്തുചേർന്ന 225 പേർക്കിടയിൽ വിളമ്പിയ ചപ്പാത്തിയാണ് മരണകാരണമായത്. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മരണത്തിന് കീഴടങ്ങിയവരിൽ 36പേർ ഇന്നും അജ്ഞാതരായി തുടരുകയാണ്. 1958 ഏപ്രിൽ-മേയ് മാസങ്ങളിലായി ഒരുമാസം നീളുന്ന പരിശീലന ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. പത്താം ക്ലാസ് വിജയിച്ച 75 പേർ വീതമുള്ള മൂന്ന് പ്ലറ്റൂണുകൾക്കായിരുന്നു പരിശീലനം. സൈന്യം നേരിട്ടായിരുന്നു ഇൗ ക്യാമ്പ് സംഘടിപ്പിച്ചത്. ഏപ്രിൽ 29ന് രാവിലെ വിളമ്പിയ ചപ്പാത്തിയാണ് മരണകാരണമായത്. അപ്പോഴേക്കും പരിശീലനം ഏതാണ്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. ചപ്പാത്തി കഴിച്ചവർ മിനിറ്റുകൾക്കകം തളർന്നുവീഴുകയായിരുന്നു. ചികിത്സാ സൗകര്യ പരിമിതമായതിനാൽ ദൂരെയുള്ള ആശുപത്രികളിൽ എത്തിക്കും മുമ്പ് തന്നെ 64 പേരും മരിച്ചു. ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്താതിരുന്ന 36 പേരുടെ മൃതശരീരങ്ങൾ ഇപ്പോഴത്തെ വില്ലേജ് ഒാഫിസിന് കിഴക്കുവശം വലിയ കുഴിയെടുത്ത് സംസ്കരിച്ചു. ഇവരെക്കുറിച്ച് ഇന്നും ആർക്കും ഒന്നുമറിയില്ല. അമേരിക്കയിൽനിന്ന് കൊണ്ടുവന്ന ആട്ടാമാവ് ഉപയോഗിച്ചാണ് ക്യാമ്പിൽ കൊടുത്ത ചപ്പാത്തി ഉണ്ടാക്കിയത്. ഇൗ മാവും ഫോളിഡോൾ എന്ന ഉഗ്ര കീടനാശിനിയും ഒരുമിച്ചാണ് കപ്പലിൽ കൊണ്ടുവന്നത്. ഇങ്ങനെ വിഷാംശം കലർന്ന മാവ് കൊണ്ടുണ്ടാക്കിയ ചപ്പാത്തിയാണ് 64 യുവാക്കളുടെ ജീവൻ കവർന്നത്. ഫോളിഡോൾ ദുരന്തത്തിെൻറ ഒാർമകൾ പങ്കുവെക്കാനാവുന്ന മുതിർന്ന തലമുറയിൽപെട്ട നിരവധിപേർ ശാസ്താംകോട്ട മേഖലയിലുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയാൽ അവർ മെല്ലെ പാടും. 'ഹോട്ടലുപോലാ കുക്കിങ്ങിൽ ആട്ടാകൊണ്ടൊരു പലഹാരം തിന്നവർ തിന്നവർ വീണുമരിച്ചു തിന്നാത്തവരോ രക്ഷപ്പെട്ടൂ...'
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.