തലസ്ഥാനം പിടിക്കാൻ ചൂടുള്ള ത്രികോണപ്പോര്

തിരുവനന്തപുരം: കോർപ്പറേഷനിൽ ഇക്കുറി ആർക്കും കേവല ഭൂരിപക്ഷമില്ലാതെ തൂക്കു ഭരണസമിതിയാകും വരികയെന്ന് പൊതുവിലയിരുത്തലുണ്ടെങ്കിലും നേരിയ മുൻതൂക്കത്തിൽ എൽ.ഡി.എഫ്‌ തന്നെ ഭരണം കൈയാളുമെന്ന്‌ ഉറപ്പിക്കുന്നവരുമുണ്ട്‌. ഏകമനസോടെയും കൃത്യമായ മുന്നൊരുക്കത്തോടെയും സ്ഥാനാർഥി നിർണയം മുതൽ ആദ്യഘട്ടത്തിൽ മുൻതൂക്കമുണ്ടാക്കാൻ യു.ഡി.എഫിന്‌ കഴിഞ്ഞു.

വിമത ശബ്‌ദങ്ങളുണ്ടായെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. നിലവിൽ ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തുള്ള യു.ഡി.എഫ് കൂടുതൽ സീറ്റുകൾ നേടി നില മെച്ചപ്പെടുത്തുമെന്ന വിലയിരുത്തലുമുണ്ട്. കോൺഗ്രസ് മുട്ടട വാർഡിൽ ഗോദയിലിറക്കിയ യുവസ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ വോട്ട് വെട്ടാൻ സി.പി.എം ശ്രമിച്ചതും ഇതിനായി മേയറുടെ ഓഫീസ് ഇടപെട്ടതും തലസ്ഥാന കോർപ്പറേഷൻ മത്സരരംഗത്തെ സംസ്ഥാനമാകെ ചർച്ചയാക്കി. ഒടുവിൽ കോടതി ഇടപെടലിൽ വൈഷ്ണയുടെ വോട്ടവകാശം പുനഃസ്ഥാപിച്ചത് എൽ.ഡി.എഫിന് അപ്രതീക്ഷിത പ്രഹരവുമായി.

മുൻ എം.എൽ.എ കെ.എസ് ശബരീനാഥനെ മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ചാണ് യു.ഡി.എഫ് രംഗത്തുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ കേസ്‌ കോൺഗ്രസിന് തിരിച്ചടിയായെങ്കിലും അത്‌ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിലയിരുത്തലിലാണ്‌ നേതാക്കൾ.

വാർഡ് വിഭജനശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ കോർപറേഷനിലെ 101 വാർഡുകളിലായി മൊത്തം 348 പേരാണ്‌ മത്സരരംഗത്തുള്ളത്‌. സ്‌മാർട്ട്‌ സിറ്റി ഉൾപ്പെടെ വികസന നേട്ടങ്ങളും പുരസ്‌കാര നേട്ടങ്ങളും എൽ.ഡി.എഫ്‌ മുന്നോട്ടുവെക്കുന്നു. എസ്.പി. ദീപക്, മുൻ മേയർ കെ. ശ്രീകുമാർ, വഞ്ചിയൂർ ബാബു എന്ന ശങ്കരൻ കുട്ടി നായർ, ആർ.പി. ശിവജി തുടങ്ങിയവരാണ് എൽ.ഡി.എഫിനുവേണ്ടി മൽസരിക്കുന്ന പ്രമുഖർ.

അതേമസയം, കിച്ചൺബിൻ ഉൾപ്പെടെ അഴിമതികളും ശബരിമലക്കൊള്ളയും മുതിർന്ന സി.പി.എം നേതാക്കളുടെ അറസ്‌റ്റ്‌ ഉൾപ്പെടെ സംഭവങ്ങളും ഭരണപക്ഷത്തിന്‌ തിരിച്ചടിയാകുന്നുണ്ട്‌. കൗൺസിലർമാരുടെ പേരിലെ അഴിമതിയും തിരുമല വാർഡ്‌ കൗൺസിലറായിരുന്ന അനിൽകുമാറിന്റെയും ആർ.എസ്‌.എസ്‌ പ്രവർത്തകൻ ആനന്ദ്‌ കെ. തമ്പിയുടെയും ആത്മഹത്യയും ബി.ജെ.പിയെ അലട്ടുന്ന വിഷയങ്ങളാണ്‌.

എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വാർഡുകളിൽ വിമതശല്യവുമുണ്ട്. ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠൻ ഉൾപ്പെടെയുള്ളവർ സി.പി.എം വിമത പട്ടികയിലുണ്ട്. സി.പി.എം ഭരിക്കുന്ന കോർപ്പറേഷനിൽ രണ്ടാമത്തെ വലിയ കക്ഷിയായി നിൽക്കുന്ന ബി.ജെ.പിയും ശബരീനാഥർ ഉൾപ്പെടെയുള്ളവരെ ഇറക്കി യു.ഡി.എഫും ഭരണം പിടിക്കാൻ തന്ത്രം മെനയുമ്പോൾ തലസ്ഥാനപോരിന് ശരിക്കും ത്രികോണച്ചൂടായിരിക്കുമെന്നുറപ്പ്. നിലവിലെ കക്ഷി നില:എൽ.ഡി.എഫ്‌ 53, യു.ഡി.എഫ്‌ 10, ബി.ജെ.പി 34,സ്വതന്ത്രർ 3.

Tags:    
News Summary - Kerala local body election 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.