പാഠപുസ്തക വിതരണം പാതിവഴിയില്‍ നിലച്ചു

* ഒന്നാം പാദവാര്‍ഷികം അവസാനിച്ച് അടുത്ത ടേം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ പൂര്‍ണമായി വിതരണംചെയ്യാന്‍ കഴിഞ്ഞിട്ടില്ല പത്തനാപുരം: വിദ്യാലയങ്ങളിലേക്കുള്ള . പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാഠപുസ്തകങ്ങള്‍ രണ്ട് ഘട്ടമായി തിരിച്ച് വിതരണംചെയ്യാന്‍ തീരുമാനിച്ചത്. ഇത്തവണ ചില ക്ലാസുകളിലെ പുസ്തകങ്ങള്‍ മൂന്നായാണ് തിരിച്ചത്. ഇതില്‍ ഒന്നാം പാദവാര്‍ഷികം അവസാനിച്ച് അടുത്ത ടേം ആരംഭിച്ചിട്ടും പാഠപുസ്തകങ്ങള്‍ പൂര്‍ണമായി വിതരണംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചില വിദ്യാലയങ്ങളിൽ ഒരുവിഷയത്തി​െൻറ പുസ്തകംപോലും കിട്ടിയിട്ടുമില്ല. ഈ മാസം 22ന് മുമ്പ് സ്കൂളുകളില്‍ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കണമെന്നായിരുന്നു വകുപ്പ്തല നിര്‍ദേശം. അടുത്ത ദിവസങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ അവകാശവാദം. അതിനാല്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുന്ന അഞ്ച് അവധിദിനങ്ങളിലും പ്രഥമാധ്യാപകര്‍ സ്കൂളിലുണ്ടാകണമെന്ന നിര്‍ദേശവും നൽകിയിട്ടുണ്ട്. ഏത് ദിവസമാണ് പുസ്തകമെത്തിക്കാനാകുക എന്ന കാര്യത്തില്‍ അധികൃതര്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് എല്ലാദിവസവും സ്കൂളിലെത്താന്‍ പ്രഥമാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. സി.ആർ.സി തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളെ സ്റ്റോറുകളാക്കി അവിടെ പുസ്തകമെത്തിക്കുകയും ഇവിടെനിന്ന് മറ്റ് സ്കൂളുകളിലേക്കുള്ള പുസ്തകം വിതരണംചെയ്യുകയുമാണ് പതിവ്. കിഴക്കന്‍മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും അധ്യാപികമാരാണ് പ്രഥമാധ്യാപകരുടെ ചുമതല വഹിക്കുന്നത്. ഇവരാകട്ടെ ദൂരസ്ഥലങ്ങളില്‍നിന്ന് വന്നുപോകുന്നവരുമാണ്. വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ പുതിയ നിര്‍ദേശത്തോട് വ്യാപകമായ എതിര്‍പ്പുയർന്നിട്ടുണ്ട്. അശ്വിൻ പഞ്ചാക്ഷരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.