പൂവാർ (തിരുവനന്തപുരം): പൂവാർ പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെൽഫെയർ പാർട്ടി വാർഡംഗം മെഹ്ബൂബ്ഖാനെതിരെ സി.പി.എം വർഗീയ താൽപര്യത്തോടെ നടത്തുന്നത് വ്യാജ ആരോപണമാണെന്ന് വെൽഫെയർ പാർട്ടി പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം. അബ്ദുൽ ഖാദർ പറഞ്ഞു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ബി.ജെ.പി അംഗത്തെ വെൽഫെയർ പാർട്ടി വാർഡ് മെമ്പർ നോമിനേറ്റ് ചെയ്തുവെന്ന വാസ്തവവിരുദ്ധമായ പരാമർശമാണ് സി.പി.എം നടത്തുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഒരു പഞ്ചായത്തംഗത്തെ നിർദ്ദേശിച്ചു എന്ന ആരോപണം തന്നെ യുക്തിരഹിതമാണ്.
സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ ഹാജർ അല്ലാത്ത മെമ്പർമാരെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് വരണാധികാരിയോട് നടത്തിയ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുകയാണ് പഞ്ചായത്തിലെ സി.പി.എം അംഗങ്ങൾ ചെയ്തത്. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വനിതാ സംവരണം നിലനിൽക്കുന്നതിനാൽ ഭരണസമിതി അംഗങ്ങൾ തന്നെ നേരിട്ട് വനിത അംഗത്തെ നോമിനേറ്റ് ചെയ്തതിലൂടെയാണ് ബി.ജെ.പി അംഗം തിരഞ്ഞെടുക്കപ്പെട്ടത്. ഈ യാഥാർത്ഥ്യത്തെ മറച്ചുവെച്ച് കൊണ്ടാണ് സി.പി.എം വർഗീയ താല്പര്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്.
ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ജനങ്ങൾക്കിടയിലെ സാഹോദര്യ ബന്ധത്തെ തകർക്കാനുള്ള സിപിഎമ്മിന്റെ ബോധപൂർവമായ ശ്രമമാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും വെൽഫെയർ പാർട്ടി പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.