മാധ്യമപ്രവർത്തകരുടെ അവകാശികൾക്ക് കുടിശ്ശിക സഹിതം പെൻഷൻ നൽകണം -മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം: മരിച്ച മാധ്യമപ്രവർത്തകരുടെ അവകാശികൾക്ക് വർഷങ്ങളായി നൽകാതിരിക്കുന്ന ആശ്രിതപെൻഷൻ കുടിശ്ശിക സഹിതം ഉടൻ നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ധനവകുപ്പിന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം തടയുന്നത് ന്യായീകരിക്കാനാവില്ലെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ ചേർന്ന് നിയമപ്രകാരമുള്ള പെൻഷൻ വാങ്ങിയിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകർ മരിക്കുമ്പോൾ അവരുടെ അവകാശികൾക്ക് 2013 മാർച്ച് വരെ യഥാർഥ പെൻഷെൻറ 50 ശതമാനം കണക്കാക്കി പെൻഷൻ നൽകിയിരുന്നു. എന്നാൽ 2013 ഏപ്രിൽ മുതൽ അവകാശികൾക്ക് പെൻഷൻ ലഭിക്കാതായി. 93ലെ സംസ്ഥാന പത്രപ്രവർത്തക പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരാൾ മരിച്ചാൽ 50 ശതമാനം കുടുംബ പെൻഷൻ ലഭിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ കമീഷനെ അറിയിച്ചു. എന്നാൽ പത്രമാധ്യമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പെൻഷൻ നൽകുന്നത് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ധനവകുപ്പിെൻറ എതിർപ്പ് കാരണമാണ് 2013 ഏപ്രിൽ മുതൽ ആശ്രിത പെൻഷൻ പദ്ധതി വർധിപ്പിച്ച് നൽകാത്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. പെൻഷൻ പദ്ധതി ചട്ടം 5(2) പ്രകാരം സർക്കാർ വിഹിതത്തോടൊപ്പം പത്രപ്രവർത്തകരുടെയും പത്രം ഉടമകളുടെയും സംഭാവന കൂടി ചേർത്താണ് പെൻഷൻ നിധി രൂപവത്കരിച്ചിരിക്കുന്നത്. പെൻഷൻ നിധി കുറഞ്ഞുപോയതുകൊണ്ടോ കിട്ടാത്തതുകൊണ്ടോ ആശ്രിത പെൻഷൻ നൽകാതിരിക്കുന്നത് ശരിയല്ലെന്നും പി. മോഹനദാസ് ചൂണ്ടിക്കാട്ടി.പെൻഷൻ ലഭിക്കാനുള്ളവർക്ക് കുടിശ്ശിക സഹിതം തുക അടിയന്തരമായി ലഭ്യമാക്കണമെന്ന് കമീഷൻ ഇൻഫർമേഷൻ ഡയറക്ടർക്കും ധനസെക്രട്ടറിക്കും നിർദേശം നൽകി. പത്രപ്രവർത്തക പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പൂവച്ചൽ സദാശിവൻ നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.