ഗതാഗത​ പരിഷ്​കാരങ്ങൾ അടിക്കടി; കുരുക്കഴിയാതെ കൊല്ലം നഗരം

കൊല്ലം: ജില്ലയുടെ ഹൃദയമായ ചിന്നക്കടയിലും മറ്റ് വിവിധ ഭാഗങ്ങളിലും ഗതാഗത പരിഷ്കാരങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ മാറ്റമില്ല. ചിന്നക്കട ബീച്ച് റോഡിൽനിന്ന് വരുന്ന വാഹനങ്ങൾ റൗണ്ട് ചുറ്റി മറ്റു ഭാഗങ്ങളിലേക്കു പോകാനുള്ള പരിഷ്കാരമായിരുന്നു ഒടുവിലത്തേത്. ഇതിനായി സിഗ്നൽ അടക്കം സ്ഥാപിച്ചിട്ടുണ്ട്. ഇൗ റൂട്ടിൽ വരുന്ന വാഹനങ്ങൾ പാർവതി മിൽ ജങ്ഷനിൽ പോയാണ് തിരിഞ്ഞുവന്നിരുന്നത്. ഇപ്പോൾ നേരെ റൗണ്ട് ചുറ്റി പോകാനാകും. ചിന്നക്കടയിൽനിന്ന് പാർവതി മിൽ ജങ്ഷനിൽ പോയി കറങ്ങിവന്നിരുന്ന യാത്രക്കാർക്ക് ഒരുകിലോമീറ്ററിലധികമാണ് കൂടുതലായി സഞ്ചരിക്കേണ്ടിയിരുന്നത്. ഗതാഗതക്കുരുക്ക് നിയന്ത്രണാതീതമായതിനെ തുടർന്നാണ് പുതിയ പരിഷ്കാരമെന്നാണ് അധികൃതർ പറയുന്നത്. പുതിയ ട്രാഫിക് സംവിധാനം നടപ്പാക്കി സിഗ്നൽ അടക്കം സ്ഥാപിെച്ചങ്കിലും ചിന്നക്കട റൗണ്ടി​െൻറ വിവിധ ഭാഗങ്ങളിൽ പൊലീസുകാർ മുഴുവൻ സമയവും വാഹനങ്ങളെ നിയന്ത്രിക്കേണ്ട അവസ്ഥയാണ്. വിവിധ ഭാഗങ്ങളിൽനിന്ന് ടൗണിൽ എത്താനുള്ള ബൈറൂട്ടുകളിൽ ട്രാഫിക് പൊലീസ് വൺവേ സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും പാലിക്കാറില്ല. കൂടാതെ ബൈറൂട്ടുകളിൽ ഫുട്പാത്ത് അടക്കമുള്ള പാതയുടെ 60 ശതമാനവും ഇരുവശത്തുമുള്ള വ്യാപാരികളും വഴിവാണിഭക്കാരും കൈയടക്കിയിരിക്കുകയാണ്. ഇതു കാരണം കാൽ നടക്കാർ റോഡിൽ ഇറങ്ങിയാണ് നടക്കുന്നത്. ബൈറൂട്ടുകൾ ചേരുന്ന ഭാഗത്ത് പൊലീസുകാരെ നിർത്തുമെങ്കിലും നാലുഭാഗത്തുനിന്ന് വാഹനങ്ങൾ വരുന്നതോടെ സംഗതി കുഴയും. കൊല്ലം എസ്.പി ഒാഫിസിനടുത്തെ മേൽപാലത്തിൽ കൂടി വരുന്ന വാഹനങ്ങൾ എസ്.എൻ കോളജിനടുത്ത് എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്. ഡ്രൈവർമാരുടെ ആശയക്കുഴപ്പം കാരണം ഇൗ ഭാഗത്ത് പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര കാണാം. റെയിൽവേ സ്റ്റേഷന് മുന്നിലും സമാന സ്ഥിതിയാണ്. ട്രെയിൻ വരുന്ന സമയങ്ങളിൽ ചിന്നക്കടയിലെ റെയിൽവേ ഗേറ്റ് അടച്ചാൽ ടൗൺ വാഹനങ്ങൾകൊണ്ട് നിറയും. വിവിധ ഭാഗങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിനിടക്കുള്ള ചെറിയ വിള്ളലുകൾ മുതലാക്കി ബൈക്ക് യാത്രക്കാർ യൂ ടേൺ എടുത്ത് പോകുന്നു. വിശേഷ ദിവസങ്ങളിൽ കൊല്ലം ബീച്ചിലെത്തുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ സ്ഥലമില്ലാത്തതിനാൽ തിരിച്ചയക്കുന്നതും പതിവാണ്. ഇങ്ങനെയുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് മുറുകുന്നതനുസരിച്ച് പൊലീസി​െൻറ പരിഷ്കാരങ്ങളും മാറും. തിരക്കുള്ള സമയത്ത് റോഡി​െൻറ മധ്യഭാഗത്തടക്കം നിന്ന് പൊലീസുകാർ ഹെൽമറ്റ് വേട്ട നടത്തും. ഇൗ സമയത്ത് വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വിവിധ ഭാഗങ്ങളിൽ കാൽനടക്കാർക്ക് സഞ്ചരിക്കാൻ സീബ്രാലൈനുകൾ ഉണ്ടെങ്കിലും ഡ്രൈവർമാരിൽ 80 ശതമാനവും ഗൗനിക്കാറില്ല. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങൾക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് കാൽനടക്കാർ േറാഡ് മുറിച്ച് കടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.