തിരുവനന്തപുരം: അഴിമതിക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുന്നതിനൊപ്പം മികച്ച ഉദ്യോഗസ്ഥരെ ആദരിക്കാനും പൊതുമരാമത്ത് വകുപ്പ് ഒരുങ്ങുന്നു. വകുപ്പിലെ മികച്ച എൻജിനീയർമാരെ കണ്ടെത്തി പുരസ്കാരം നൽകാനാണ് തീരുമാനം. മരാമത്ത് വകുപ്പിൽ ആദ്യമായി നടപ്പാക്കുന്ന ബെസ്റ്റ് എൻജിനീയർ പുരസ്കാരത്തിന് നാമനിർദേശം സമർപ്പിക്കാൻ മന്ത്രി ജി. സുധാകരൻ ഭരണവിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശംനൽകി. നന്നായി േജാലിചെയ്യാൻ നിർദേശിച്ച് എൻജിനീയർമാർക്ക് കത്തയച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ തീരുമാനം. മിന്നൽ സന്ദർശനവും വകുപ്പുതല അന്വേഷണവും നടത്തി മരാമത്ത് വകുപ്പിൽനിന്ന് 20ഒാളം പേരെ ഇൗയിടെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, കടുത്തനടപടി മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടിയാണ് തെൻറ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയാണ് പുരസ്കാര പ്രഖ്യാപനത്തിലൂടെ മന്ത്രി ലക്ഷ്യമിടുന്നത്. അഴിമതിരഹിതനും പ്രവൃത്തിസ്ഥലങ്ങൾ സന്ദർശിക്കുന്നയാളുമായ എൻജിനീയർമാർക്കാണ് പുരസ്കാരം നൽകുക. എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ, അസി.എൻജിനീയർ വിഭാഗങ്ങളിലാണ് പുരസ്കാരം. ഭരണവിഭാഗം ചീഫ് എൻജിനീയർ അധ്യക്ഷനും കിഫ്ബി പ്രോജക്ട് ഡയറക്ടർ, മെയിൻറനൻസ് വിഭാഗം ചീഫ് എൻജിനീയർ എന്നിവർ അംഗങ്ങളുമായ സമിതിയെ ഇതിനായി നിയോഗിച്ചു. നാമനിർദേശങ്ങൾ സെപ്റ്റംബർ 15നകം ഭരണവിഭാഗം ചീഫ് എൻജിനീയർ കാര്യാലയത്തിലെത്തിക്കാനും നിർദേശംനൽകി. 2016-2017, 2017-18 ബജറ്റ് നിർദേശ പ്രകാരമുള്ളതും മലയോര, തീരദേശ ഹൈവേകളുടെ ജോലികൾ നിർവഹിച്ചവരുമായ എൻജിനീയർമാരെ പരിഗണിക്കാനാണ് മന്ത്രിയുടെ നിർദേശം. സെപ്റ്റംബർ 30ന് കേരള സർവകലാശാലയിൽ നടക്കുന്ന എൻജിനീയേഴ്സ് കോൺഗ്രസിൽ പുരസ്കാരം വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.