പൊക്കാളി കൊയ്ത്തുയന്ത്രം നിഷ്ക്രിയം: ചെലവഴിച്ചത് അരക്കോടി

തിരുവനന്തപുരം: അരക്കോടി ചെലവഴിച്ച് നിർമിച്ച പൊക്കാളി കൊയ്ത്തുയന്ത്രം കഴിഞ്ഞ മൂന്നുവർഷമായി നിഷ്ക്രിയമായ നിലയിൽ. കാർഷിക സർവകലാശാല (കെ.എ.യു) സമർപ്പിച്ച പദ്ധതിയെ അടിസ്ഥാനമാക്കി മൂന്ന് കോടി ചെലവിൽ 'നൂതന കൃഷി ഭൂമി യന്ത്രവത്കരണ വികസനം' (ഡി.ഐ.എഫ്.എം) നടപ്പാക്കാൻ 2009 ലാണ് സർക്കാർ അനുമതി നൽകിയത്. ഒരാളോളം പൊക്കത്തിൽ വളരുന്ന പൊക്കാളി നെല്ല് കൊയ്തെടുക്കുന്നതിന് വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന കൊയ്ത്തുയന്ത്രമാണ് വിഭാവന ചെയ്തിരുന്നത്. ചതുപ്പ് നെൽവയലുകളിൽ കൃഷിക്ക് വേണ്ടിവരുന്ന ഉയർന്ന മുതൽമുടക്കും തൊഴിലാളി ക്ഷാമവും മറികടക്കുന്നതിനാണ് പുതിയ യന്ത്രം വികസിപ്പിച്ചെടുത്തത്. സർവകലാശാല 2011 സെപ്റ്റംബറിൽ ഇതിനായി തുറന്ന ദർഘാസ് ക്ഷണിച്ചു. ഈ യന്ത്രത്തി​െൻറ വികസനവും പരീക്ഷണവും കമീഷൻ ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ ലേലത്തുക വിളച്ചയാൾക്ക് 51.40 ലക്ഷത്തിന് നൽകി. വിതരണക്കാരൻ 2013 നവംമ്പറിൽ കൊയ്ത്തുയന്ത്രം കമീഷൻ ചെയ്തു. കാർഷിക സർവകലാശാല ഡിസംബറിൽ അന്തിമ ബിൽ കരാറുകാരന് കൈമാറി. പദ്ധതി നിർവഹണത്തിൽ സഹായിക്കുന്നതിനായി രൂപവത്കരിച്ച സാങ്കേതിക ഉപദേശക സമിതി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രവർത്തനത്തിൽ കൊയ്ത്തുയന്ത്രത്തി​െൻറ കട്ടിങ് യൂനിറ്റിൽ ചില സാങ്കേതിക തകരാറുകൾ ചൂണ്ടിക്കാണിച്ചിരുെന്നങ്കിലും വിതരണക്കാരൻ പരിഹാര നടപടികൾ ഉറപ്പുവരുത്തിയെന്ന് സർവകലാശാലയെ അറിയിച്ചു. എന്നാൽ ഈ തകരാറുകൾ പരിഹരിക്കാതെയാണ് വിതരണക്കാരൻ കൊയ്ത്തുയന്ത്രം കമീഷൻ ചെയ്തതെന്ന് പറയപ്പെടുന്നു. കരാർ വ്യവസ്ഥ അനുസരിച്ച് കരാർലംഘനം നടത്തിയാൽ സർവകലാശാലക്ക് കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം കണക്കാക്കി ആ തുക ഈടാക്കാൻ സർവകലാശാലക്ക് പൂർണ അധികാരമുണ്ട്. എന്നാൽ, ഈ അധികാരം ഉപയോഗിച്ച് തുക തിരിച്ചുപിടിക്കുന്നതിൽ സർവകലാശാല വീഴ്ച വരുത്തിയെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. -ആർ. സുനിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.