ചാത്തന്നൂർ: ജനമൈത്രിപദ്ധതി പ്രകാരം പൊലീസുകാരും ഉദ്യോഗസ്ഥരും കൂട്ടത്തോടെ ഭവനസന്ദർശനത്തിനിറങ്ങിയതിനെ തുടർന്ന് ജനമൈത്രി പദ്ധതിയുള്ള ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം അവതാളത്തിലായി. ഓണക്കാലത്ത് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പ്രധാന ജങ്ഷനുകളിൽ ഫുട് പട്രോളിങ്ങിനായി നിയമിക്കുന്നതിനും ആവശ്യത്തിന് പൊലീസുകാരില്ലാത്ത അവസ്ഥയാണ് പല സ്റ്റേഷനുകളിലും. കൊല്ലം സിറ്റിയോടടുത്ത് കിടക്കുന്ന ജനമൈത്രി സ്റ്റേഷനായ ഇരവിപുരത്ത് പൊലീസിന് നല്ല വാഹനം പോലും ഇല്ല. ജനമൈത്രിപദ്ധതി പ്രകാരം ഒരു സ്റ്റേഷൻ പരിധിയെ അഞ്ച് ബീറ്റുകളായാണ് തിരിച്ചിട്ടുള്ളത്. ഇവിടേക്കായി ഓരോ ബീറ്റ് ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്. ഈ ബീറ്റുകളിലെ പരാതികൾ അന്വേഷിക്കേണ്ടതും സമൻസും വാറണ്ടും നടപ്പാക്കേണ്ടതും ഇവർതന്നെയാണ്. കൂടാതെ ബീറ്റ് പരിധിയിലെ എല്ലാ വീടുകളിലും കയറി വിവരശേഖരണം നടത്തുകയും സ്റ്റേഷനിലെ സാധാരണ ഡ്യൂട്ടികൾ ചെയ്യുകയും വേണം. ബീറ്റ് ഓഫിസർമാർ അവരുടെ ബീറ്റുകളിലേക്ക് പോയിത്തുടങ്ങിയതോടെയാണ് സ്റ്റേഷനുകളിൽ പൊലീസുകാരുടെ കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്. സ്റ്റേഷനുകളിലെ ജോലിഭാരം അനുസരിച്ച് അധികം പൊലീസുകാരെ നിയമിക്കാതെ ഉള്ളവരെ കൊണ്ടുതന്നെ വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതിനാൽ പലരും അവധിയെടുത്ത് പോവുകയാണ്. സ്റ്റേഷനുകളിൽനിന്ന് അദർ ഡ്യൂട്ടി എന്ന പേരിൽ ഉയർന്ന ഉദ്യോഗസ്ഥരോടൊപ്പം ജോലി നോക്കിവരുന്നവരെ അവരവരുടെ സ്റ്റേഷനുകളിലേക്ക് മടക്കി അയക്കണമെന്ന ആവശ്യവും സേനക്കിടയിൽ ശക്തമാണ്. ജനമൈത്രിപദ്ധതിയെ ജനം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാരെ നിയമിച്ചശേഷമാകണം പദ്ധതി നടപ്പാക്കേണ്ടതെന്നാണ് പൊലീസുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.