വഴിയോര കച്ചവടത്തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കും ^കോടിയേരി

വഴിയോര കച്ചവടത്തൊഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കും -കോടിയേരി തിരുവനന്തപുരം: വഴിയോര കച്ചവടെത്താഴിലാളികൾക്ക് ക്ഷേമനിധി നടപ്പാക്കാൻ എൽ.ഡി.എഫ് സർക്കാർ തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വഴിയോര കച്ചവടത്തൊഴിലാളി ഫെഡേറഷൻ (സി.ഐ.ടി.യു) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവർക്ക് പെൻഷൻ നൽകാനും പദ്ധതി തയാറാക്കും. വഴിയോര കച്ചവടക്കാർക്ക് പെൻഷൻ നൽകുന്ന ആദ്യത്തെ സംസ്ഥാനമാവും കേരളം. ഇവരെ തൊഴിലാളികളായി അംഗീകരിച്ച് 2011ൽ എൽ.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയിരുന്നു. വഴിയോര കച്ചവടക്കാരുടെ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര നിയമത്തിന് സംസ്ഥാനത്ത് ചട്ടം രൂപവത്കരിക്കും. വഴിയോര കച്ചവടക്കാർ രണ്ടാംതരം പൗരന്മാരല്ല. അവരോട് മനുഷ്യത്വരഹിതമായ സമീപനമാണ് അധികൃതർക്കുള്ളത്. അതിനാൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ജനങ്ങൾ കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിറ്റ് സേവനമാണ് ഇവർ നിർവഹിക്കുന്നത്. നടപ്പാത നടന്നുപോകുന്നവർക്ക് മാത്രമുള്ളതല്ല. ചെരുപ്പും കുടയുമൊന്നും നന്നാക്കാൻ മാളുകളിൽ പോയിട്ട് കാര്യമില്ല. ഈ കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണംചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ ഇവരുടെ ലിസ്റ്റ് തയാറാക്കണം. ക്രമസമാധാനപാലനത്തിനുപോലും ഇവരുടെ സഹായം ലഭിക്കും. പൊലീസിന് വിവരങ്ങൾ അറിയിക്കാനും ഇവർക്ക് കഴിയുമെന്ന് കോടിയേരി പറഞ്ഞു. ഫെഡറേഷൻ പ്രസിഡൻറ് കെ.എസ്. പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. വി. ശിവൻകുട്ടി, ആർ.ബി. ഇക്ബാൽ, അനിൽകുമാർ, എം.എച്ച്. സലീം, കെ. വേണുഗോപാൽ, പത്മബാബു തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.