വാപ്പയുടെ ഖബറിൽ ഈ മെഡലുകൾ വെക്കണം, അൻസിൽ പാലക്കാട്ടേക്ക് മടങ്ങി

തിരുവനന്തപുരം: ചൊവ്വാഴ്ച ഷോട്ട്പുട്ടിൽ സ്വർണംനേടിയപ്പോഴും മുഹമ്മദ് അൻസിലി​െൻറ മുഖംതെളിഞ്ഞില്ല. പത്രഫോട്ടോഗ്രാഫർമാരുടെ കാമറകൾക്ക് പിന്നിൽനിന്ന് കൂട്ടുകാർ ചിരിക്കാൻ ആഗ്യംകാട്ടുമ്പോഴും കടലോളം കണ്ണുനീർ ഉണ്ണിലൊതുക്കുകയായിരുന്നു ഈ എട്ടാംക്ലാസുകാരൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അൻസിലി​െൻറ പിതാവ് അസയിനാർ ഹൃദയസ്തംഭനംമൂലം മരിക്കുന്നത്. ആസമയം ജി.വി. രാജയുടെ മുറ്റത്ത് ജില്ല മീറ്റിനുള്ള പരിശീലനത്തിലായിരുന്നു. വാപ്പയുടെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു ഒരു നല്ല കായികതാരമായി ജോലിവാങ്ങണമെന്നത്. അതിന് വേണ്ടിയാണ് ഏറെ കഷ്ടപ്പെട്ട് ജി.വി. രാജയിൽകൊണ്ടുവന്ന് ആക്കിയത്. പക്ഷേ, ഇപ്പോൾ... വാക്കുകൾ കിട്ടാതെ അൻസിൽ നിർത്തി. പാലക്കാട് സബ് ജില്ല മീറ്റിനൊക്കെ ഇറങ്ങുമ്പോൾ പ്രോത്സാഹനവുമായി അസയിനാർ ഉണ്ടാകും. തോറ്റാലും അദ്ദേഹം പറയും പോട്ടടാ, നിനക്ക് മെഡല് വാങ്ങാൻ സമയമായില്ല. ഇപ്പോൾ മെഡല് കിട്ടിയപ്പോൾ അരികിൽ വാപ്പ ഇല്ലാത്തത് തെല്ലൊന്നുമല്ല നൊമ്പരപ്പെടുത്തുന്നത്. അസയിനാർക്ക് വേണ്ടിയാണ് ഉമ്മ സൽമയോട് അനുവാദംവാങ്ങി മരണത്തി​െൻറ ഗന്ധം മാറാത്ത പാലക്കാടെ അടിപരണ്ട വീട്ടിൽനിന്ന് അൻസിൽ ഞായറാഴ്ച തിരുവനന്തപുരത്തെത്തിയത്. ആദ്യദിനം 400 മീറ്റർ ഓട്ടത്തിൽ വെങ്കലം. ചൊവ്വാഴ്ച സ്വർണവും. ഉച്ചയോടുകൂടി അൻസിൽ പാലക്കാടേക്ക് വണ്ടി കയറി, വാപ്പയുടെ ഖബറിൽ ഈ മെഡലുകൾവെക്കണം. പിന്നെ ചടങ്ങുകൾ തീർത്ത് നേരെ പാലയിലെ സിന്തറ്റിക് ട്രാക്കിലേക്ക്, വാപ്പക്ക് വേണ്ടി മാത്രം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.