ദീപയ്​ക്ക് ഈ മെഡലുകൾ അമ്മയെ കാണിക്കണം

തിരുവനന്തപുരം: ജാവലിനിൽ കഴിഞ്ഞ വർഷത്തെ വെള്ളി ഈ വർഷം സ്വർണമാക്കിയതി​െൻറ സന്തോഷമായിരുന്നു ജി.വി. രാജയുടെ ദീപയ്ക്ക്. പ്രാരബ്ധങ്ങൾക്കും രോഗങ്ങൾക്കും ഇടയിലും മുണ്ട് മുറുക്കിയുടുത്ത് അമ്മ അയച്ചുതരുന്ന കാശിന് വിലയുണ്ടെന്ന് കാണിക്കാൻ ദീപയ്ക്ക് ഈ സ്വർണം വേണമായിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിക്കുന്ന രോഗം വന്ന് അച്ഛൻ ഗോപി കിടപ്പിലായതോടെ തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ അമ്പിളിയുടെ വിയർപ്പിലായിരുന്നു മൂന്നുവർഷം മുമ്പു വരെ ദീപയുടെയും സഹോദരി ശ്രുതിയുടെയും ജീവിതം. പഠിത്തം അവസാനിപ്പിച്ച് തൊഴിലുറപ്പ് പണിക്കിറങ്ങാൻ പോയ ദീപയെ ജി.വി.രാജ സ്പോർട്സ് സ്കൂൾ ഏറ്റെടുക്കുകയായിരുന്നു. പരിശീലകൻ സുരേന്ദ്രനാഥി​െൻറ കീഴിൽ ദിവസമോരോന്ന് കഴിയുമ്പോഴും മെച്ചപ്പെട്ട പ്രകടമാണ് ഈ കായംകുളത്തുകാരിയിൽ സ്കൂളിന് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 19.34 മീറ്റർ എറിഞ്ഞ് വെള്ളിനേടിയ ദീപ ഇത്തവണ 26.7 മീറ്റർ എറിഞ്ഞാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഡിസ്കസ് േത്രായിൽ വെള്ളിയും ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും ദീപ നേടിയിരുന്നു. ഇനി വീട്ടിലേക്ക് പോകുമ്പോൾ അമ്മയെ കാണിക്കാൻ ഈ മൂന്ന് മെഡലുകൾ ദീപ കരുതും. അമ്മ മിച്ചംപിടിച്ച് അയച്ചു തരുന്ന കാശിന് പൊന്നി​െൻറ നിറമാണെന്ന് കാണിക്കാൻ ഇപ്പോൾ ഈ 10ാംക്ലാസുകാരിയുടെ കൈയിൽ ഇതേയുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.