ജനജീവിതം സ്​തംഭിപ്പിച്ച്​ യു.ഡി.എഫ്​ ഹർത്താൽ

കൊല്ലം: ജില്ലയിൽ യു.ഡി.എഫ് നേതാക്കൾ അടക്കം നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞതിനാൽ ഇന്ധനവില വർധനക്കെതിരെയുള്ള യു.ഡി.എഫ് ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. ഹർത്താൽ സമാധാനപരമായിരിക്കും എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്ക് വിശ്വസിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങിയവരൊക്കെ നന്നായി അനുഭവിച്ചു. രാവിലെ ഒമ്പതുവരെ സ്വകാര്യ വാഹനങ്ങൾക്കൊപ്പം കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലുണ്ടായിരുന്നു. ഒമ്പതിനു ശേഷം ഗ്രാമ നഗര വ്യത്യാസമില്ലാതെ യു.ഡി.എഫ് പ്രവർത്തകർ സംഘടിച്ച് വാഹനങ്ങൾ തടയാൻ തുടങ്ങി. ഇതോടെ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നിർത്തി വെച്ചു. പൊലീസ് സംരക്ഷണത്തിൽ ചില ഓർഡിനറി സർവിസുകൾ നടത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് അതും ഉപേക്ഷിച്ചു. സപ്ലൈകോയുടേത് അടക്കമുള്ള ഭൂരിഭാഗം പമ്പുകളും അടഞ്ഞുകിടന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. അതേസമയം, ജില്ലയിലെ ചില മേഖലകളിൽ ഹർത്താൽ ഭാഗികമായിരുന്നു. പത്തനാപുരം, ചവറ, കരുനാഗപ്പള്ളി, പള്ളിമുക്ക് എന്നിവിടങ്ങളിൽ കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ഹർത്താൽ അനുകൂലികൾ പൊലീസുമായും വാഹനയാത്രികരുമായും വാക്കേറ്റം നടന്നു. കൊല്ലം നഗരത്തിൽ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്‌ണ, ഡി.സി.സി ജനറൽ സെക്രട്ടറി കൃഷ്‌ണവേണി ജി. ശർമ എന്നിവരുടെ നേതൃത്വത്തിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞത്. ബിഷപ് ജെറോം നഗറിൽ തുറന്നു പ്രവർത്തിച്ച എസ്.ബി.ഐ ശാഖ ഉൾപ്പെടെ സ്ഥാപനങ്ങൾ അടപ്പിക്കാനും ബിന്ദുകൃഷ്‌ണ നേരിട്ടെത്തി. കേരളപുരം, ചന്ദനത്തോപ്പ്, കാവനാട് എന്നിവിടങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞിട്ടു. കൊട്ടാരക്കരയിലും ചവറയിലും സ്വകാര്യ വാഹനങ്ങളും പ്രവർത്തകർ തടഞ്ഞു വെച്ചു. മുൻകൂട്ടി തയാറാക്കിയ വിനോദയാത്രാ ചാർട്ട് അനുസരിച്ച് കൊല്ലത്ത് എത്തിയ വിദേശ സഞ്ചാരികളെ ടൂർ ഓപറേറ്റർമാർ ഇരുചക്രവാഹനങ്ങളിലാണ് കൂട്ടികൊണ്ടുപോയത്. സർക്കാർ ഓഫിസുകളിൽ പ്രധാന ചുമതലയുള്ള ഉദ്യോഗസ്ഥർ‌ എത്തിയെങ്കിലും പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഹാജർ രേഖപ്പെടുത്തി ഉച്ചക്ക് മുമ്പ് ഉദ്യോഗസ്ഥരെല്ലാം മടങ്ങി. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുൻകൂട്ടി പ്രഖ്യാപിച്ചിരുെന്നങ്കിലും ഭൂരിപക്ഷം വ്യാപാരികളും സ്ഥാപനങ്ങൾ തുറന്നില്ല. തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളെല്ലാം രാവിലെതന്നെ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. ഹോട്ടലുകലും അടഞ്ഞുകിടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.