തിരുവനന്തപുരം: നഗരങ്ങളിൽ മഴക്കാല രോഗപ്രതിരോധത്തിനും മാലിന്യ നിർമാർജന ബോധവത്കരണത്തിനും മേൽനോട്ടം വഹിക്കേണ്ട ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ (ജെ.എച്ച്.െഎ) നിയമനം അനന്തമായി നീളുന്നു. യോഗ്യതയുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നിയമനം അനിശ്ചിതത്വത്തിലാക്കിയത്. മുനിസിപ്പൽ കോമൺ സർവിസിലെ ജെ.എച്ച്.ഐ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് എസ്.എസ്.എൽ.സിയും സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റുമാണ് 2014-15ലെ വിജ്ഞാപനത്തിൽ പി.എസ്.സി യോഗ്യതയായി നിർദേശിച്ചത്. ഉയർന്ന യോഗ്യതയായ ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമയും ഈ തസ്തികയിലേക്ക് പി.എസ്.സി പരിഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഹെൽത്ത് ഇൻസ്പെക്ടർ ഡിപ്ലോമ കോഴ്സ് കഴിഞ്ഞവരാണ് പി.എസ്.സി അപേക്ഷകരിൽ കൂടുതലും. അധിക യോഗ്യതയെന്ന നിലയിൽ ഇവരുടെ അപേക്ഷകൂടി സ്വീകരിക്കുകയും 2015 നവംബർ 27ന് നടന്ന പരീക്ഷക്കിരുത്തുകയും ചെയ്തു. ഇതോടെ, ഡിപ്ലോമയെന്നത് വിജ്ഞാപനത്തിൽ പറയാത്ത യോഗ്യതയാണെന്നും അപേക്ഷ തള്ളണമെന്നും ആവശ്യപ്പെട്ട് സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർ പി.എസ്.സിക്ക് പരാതി നൽകി. ഇത് അവഗണിച്ച് ഡിപ്ലോമക്കാരെയും ഉൾപ്പെടുത്തി പി.എസ്.സി രണ്ടു ജില്ലകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. യോഗ്യതയെ ചൊല്ലി സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ പി.എസ്.സിക്കു പുറമെ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെയും സമീപിച്ചു. ഉദ്യോഗസ്ഥ - ഭരണപരിഷ്കാര വകുപ്പ്, നഗരകാര്യ വകുപ്പ്, ആരോഗ്യ കുടുംബക്ഷേമം എന്നിവിടങ്ങളിൽനിന്ന് ട്രൈബ്യൂണൽ അഭിപ്രായം തേടി. എന്നാൽ, സർക്കാറാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ട്രൈബ്യൂണലിെൻറ മറുപടി. തങ്ങളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിപ്ലോമക്കാരും ട്രൈബ്യൂണലിനെ സമീപിച്ചു. ഇരുകൂട്ടരും നിയമയുദ്ധവുമായി നീങ്ങിയതോടെ സംസ്ഥാനത്ത് നൂറുകണക്കിന് നിയമനം മുടങ്ങി. സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തണമെന്നാണ് വിവിധ വകുപ്പുകൾ നിർദേശിച്ചതെന്നും സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ഒരു വിഭാഗം ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.