കല്ലമ്പലം: നാവായിക്കുളം കാപ്പാംവിള മേഖലയിൽ കാട്ടുപന്നിശല്യവും രൂക്ഷമായ ദുർഗന്ധവും ജനജീവിതം ദുസ ഹമാക്കുന്നു. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കപ്പവിളയിൽ കാട്ടുപന്നിശല്യം ഏറെനാളായി രൂക്ഷമാണ്.
പയറ്റുവിള, കറ്റുവെട്ടി ഭാഗങ്ങളിൽ നിലവിൽ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. കാട്ടുപന്നികൾ ചത്തഴുകി നാറുന്നതാണെന്ന് നാട്ടുകാർ സംശയിക്കുന്നു. മേഖലയിൽ നിരവധി വസ്തുക്കൾ കാടുമുടി കിടക്കുന്നുണ്ട്. ഇത്തരം വസ്തുക്കൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികളും തെരുവ് നായ്ക്കളും കുടുന്നത്.
കുറ്റിക്കാടും വള്ളിപ്പടപ്പും പടർന്നുകിടക്കുന്ന ഇടമാണ് കാട്ടുപന്നികളുടെ ആവാസ കേന്ദ്രം. രാത്രികാലങ്ങളിൽ ഇവിടെ നിന്ന് പുറത്തിറങ്ങുന്ന കാട്ടുപന്നിക്കൂട്ടം മനുഷ്യന്റെ സ്വൈര്യ ജീവിതത്തിന് ഭീഷണിയാണ്. നിലവിൽ ഈ ഭാഗങ്ങളിൽ നിന്നുണ്ടാകുന്ന രൂക്ഷമായ ദുർഗന്ധം ആശങ്ക ഉണർത്തുന്നു. യഥാർത്ഥ കാരണം കണ്ടെത്താൻ ആയിട്ടില്ല.
നാട്ടുകാർ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ മേഖലയിൽ കാടുമുടിക്കിടക്കുന്ന സ്വകാര്യ വസ്തുക്കൾ വൃത്തിയാക്കി കാട്ടുപന്നി ശല്യത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വസ്തു ഉടമകളോട് ആവശ്യപ്പെട്ടിട്ട് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രാദേശിക ഭരണകൂടത്തിനു മുന്നിൽ വിഷയം ഉന്നയിക്കുന്നത്.
സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ നിലവിൽ രണ്ട് പന്നികൾ വീണു കിടപ്പുണ്ട്. കാട്ടുപന്നി ശല്യം സംബന്ധിച്ച് പരാതികൾ അറിയിക്കുമ്പോൾ വിവിധ വകുപ്പുകൾ പരസ്പരം പറഞ്ഞ് കൈയൊഴിയുകയാണ്.
ഈ വിഷയത്തിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അതിനായി ഒപ്പുശേഖരണം നടത്തി വരികയാണെന്ന് പൊതുപ്രവർത്തകനായ കാപ്പാംവിള സജീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.