ബാലരാമപുരം: വിൻസെൻറ് എം.എൽ.എയെ അനുകൂലിച്ചും പ്രതികൂലിച്ചും നടത്തിയ റിലേ സത്യഗ്രഹത്തിൽ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടൽ. നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. കോൺഗ്രസ് മൂന്ന് ദിവസമായി റിലേ സത്യഗ്രഹം ബാലരാമപുരം ജങ്ഷനിൽ നടത്തുകയാണ്. ഇതിനിടെ ബുധനാഴ്ച വൈകീട്ട് എൽ.ഡി.എഫ് പ്രവർത്തകർ എം.എൽ.എ രാജിെവക്കണമെന്നാവശ്യപ്പെട്ട് റിലേ സത്യഗ്രഹം ആരംഭിച്ചു. എൽ.ഡി.എഫ് റിലേ സത്യഗ്രഹത്തിന് മുന്നേ നടത്തിയ പ്രകടനത്തിനിടെ ഇരുവിഭാഗവും വാക്കുകൾകൊണ്ട് ഏറ്റുമുട്ടി. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എം.എൽ.എയുടെ ഫ്ലക്സ് ബോർഡ് എൽ.ഡി.എഫ് പ്രവർത്തകർ തറയിലിട്ട് ചവിട്ടിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ എം.എൽ.എയുടെ ഫ്ലക്സിൽ പാലഭിഷേകം നടത്തി. തുടർന്ന് അങ്ങോട്ടുമിങ്ങോട്ടും കല്ലേറ് നടന്നു. കല്ലേറ് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസിന് നേരെയും കല്ലേറുണ്ടായി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ഹരികുമർ, ബാലരാമപുരം എസ്.ഐ ഹരീഷ്, പൂവാർ എസ്.ഐ സുജിത്, പൊഴിയൂർ എസ്.ഐ വിജീഷ്, ആര്യങ്കോട് എസ്.ഐ ശാന്തകുമാർ തുടങ്ങി പത്തിലെറെ പൊലീസുകാർക്കും പരിക്കേറ്റു. പാർട്ടി പ്രവർത്തകരായ ബാബുജാൻ, എം.എം. സുധീർ, രഞ്ജിത്, രാജേഷ് ഉൾപ്പടെയുള്ളവർക്കാണ് പരിക്ക്. നിരവധി തവണയാണ് പൊലീസും ഇരുവിഭാഗം പാർട്ടിക്കാരും ഏറ്റുമുട്ടിയത്. വഴിയാത്രക്കാരായ നിരവധി പേർക്കും പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ബാലരാമപുരം ജങ്ഷനിൽ സ്ഥാപിച്ചിരുന്ന സത്യഗ്രഹ പന്തലുകൾ പൊളിച്ചു മാറ്റി. കസേരയും മൈക്ക്സെറ്റും എറിഞ്ഞ് നശിപ്പിച്ചു. ബാലരാമപുരം പള്ളിയിൽ നമസ്കരിക്കുന്നതിനെത്തിയ മണവാട്ടി ഓഡിറ്റോറിയം ഉടമ തമീമിന് പൊലീസ് ലാത്തിയടിയിൽ പരിക്കേറ്റു. പള്ളിക്ക് മുന്നിൽ പൊലീസ് അക്രമം നടത്തിയതിൽ നാട്ടുകാരും പ്രതിഷേധിച്ചു. ഇതോടെ പൊലീസ് പിന്തിരിഞ്ഞു. ബസ് കാത്തുനിന്നവർ വിവിധ സ്ഥലങ്ങളിൽ ഓടിയൊളിച്ചു. ബാലരാമപുരത്തെ കടകമ്പോളങ്ങൾ അടച്ചു. ബാലരാമപുരം ജങ്ഷന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ പൊലീസ് എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.