പച്ചപ്പുല്ല് ക്ഷാമം രൂക്ഷം: ഇതരസംസ്ഥാന വയ്ക്കോല്‍ ലോബി ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുന്നു

വെഞ്ഞാറമൂട്: പച്ചപ്പുല്ലിന് ക്ഷാമംനേരിടുന്നതോടെ ഇതരസംസ്ഥാന വയ്ക്കോല്‍ ലോബി ക്ഷീരകര്‍ഷകരെ കൊള്ളയടിക്കുന്നു. കാലവര്‍ഷവും തുലാവര്‍ഷവും ചതിച്ചതുമൂലം നെല്‍കൃഷി എങ്ങും കാര്യമായി നടന്നില്ല. ഇതോടെ വയ്ക്കോലും ആവശ്യത്തിനില്ലാത്ത സ്ഥിതിയാണ്. ഇതോടെ, ക്ഷീര കര്‍ഷകര്‍ തമിഴ്നാട്ടില്‍നിന്ന് വരുന്ന വയ്ക്കോല്‍ ലോറികളെയാണ് ആശ്രയിക്കുന്നത്. ഈ അവസരം മുതലെടുത്ത് ഇതരസംസ്ഥാന ലോബി വയ്ക്കോല്‍ വില കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പ് ഒരു കെട്ട് വയ്ക്കോലിന് 240 രൂപയായിരുന്നു വില. ഈയാഴ്ച ഇത് 425 രൂപയിലത്തെി. 17 രൂപയും 28 രൂപയുമായിരുന്ന ചെറിയകെട്ടുകള്‍ക്ക് 32ഉം 45ഉം ആയി. തമിഴ്നാട്ടില്‍നിന്ന് ലോറികളിലത്തെുന്ന വയ്ക്കോല്‍ ഇറക്കി വിപണനം നടത്തുന്നവരും തോന്നിയവിലയാണ് ഈടാക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പലവിലകള്‍ ഈടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. പച്ചപ്പുല്ല് കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഇവര്‍ പറയുന്ന വിലയ്ക്ക് വയ്ക്കോല്‍ വാങ്ങുക മാത്രമാണ് ക്ഷീരകര്‍ഷകര്‍ക്ക് മുന്നിലുള്ള പോംവഴി. വേനല്‍ക്കാലത്ത് പാല്‍ ഉല്‍പാദനം കുറയുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് വയ്ക്കോലിനുള്ള വിലവര്‍ധനവും. വെള്ളമില്ലാത്തതും നഷ്ടവും കണക്കിലെടുത്ത് പലരും പശുക്കളെ വില്‍ക്കുകയാണ്. വയ്ക്കോലിന്‍െറ വിലനിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും കാലിത്തീറ്റകള്‍ക്ക് വേനല്‍കാല സബ്സിഡി അനുവദിക്കണമെന്നും ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.