കെ.എസ്.ആര്‍.ടി.സി നെയ്യാറ്റിന്‍കര ഡിപ്പോ: സര്‍വിസ് വെട്ടിക്കുറക്കുന്നു; സമാന്തര സര്‍വിസുകള്‍ വ്യാപകം

നെയ്യാറ്റിന്‍കര: കെ.എസ്.ആര്‍.ടി.സി സര്‍വിസ് വെട്ടിക്കുറക്കുന്നത് സമാന്തര സര്‍വിസുകാര്‍ക്ക് സഹായകമാകുന്നു. നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് റൂട്ടില്‍ സമാന്തര സര്‍വിസുകള്‍ വ്യാപകമായിരിക്കുകയാണ്. വിവിധ റൂട്ടുകളില്‍ ആളുകളെ കയറ്റി ടെമ്പോ, ട്രക്കര്‍ സര്‍വിസുകള്‍ നടത്തുകയാണ്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ ദിനവും ഇരുപത്തഞ്ചിലേറെ സര്‍വിസുകളാണ് വിവിധ കാരണങ്ങളാല്‍ വെട്ടിക്കുറക്കുന്നത്. ഇതു സമാന്തര സര്‍വിസുകളെ സഹായിക്കാനാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കുകയാണ് ഇത്. സര്‍വിസ് വെട്ടിക്കുറക്കുന്നതിനെ കുറിച്ച് അന്വേഷിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടി സ്വീകരിക്കുന്നുമില്ല. സ്വകാര്യ വാഹനങ്ങള്‍ യാത്രക്കാരെ എടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. എന്നാല്‍, ഇതിന്‍െറ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. തിരുവനന്തപുരം-കളിയിക്കാവിള റൂട്ടിലാണ് സമാന്തര സര്‍വിസുകളില്‍ അധികവും. ദേശീയപാതയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് സര്‍വിസുകളും ഇതു മുതലെടുത്ത് ലാഭങ്ങള്‍ കൊയ്യുകയാണ്. കളിയിക്കാവിള റൂട്ടില്‍ ഇപ്പോള്‍ തമിഴ്നാട് ബസുകളെയാണ് യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ യാത്രക്കാര്‍ നിറഞ്ഞാല്‍ പോലും കൃത്യസമയത്തു പോകാത്തത് തമിഴ്നാട് ബസുകള്‍ക്കും സമാന്തര സര്‍വിസുകള്‍ക്കും തുണയാവുകയാണ്. കൂടാതെ, സമയക്രമം പാലിക്കുന്നതിലും ഇവര്‍ വീഴ്ചവരുത്തുന്നതും പതിവാണ്.അറ്റകുറ്റപ്പണിയെന്നും ബ്രേക്ക്ഡൗണെന്നുമാണ് സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നതിന് അധികൃതരുടെ വിശദീകരണം. സ്പെയര്‍പാട്സിന്‍െറയും ടയറിന്‍െറയും കുറവു കാരണം സര്‍വിസുകള്‍ റദ്ദാക്കിയിരുന്നു. ഡിപ്പോയില്‍ 102 സര്‍വിസുകളാണ് ആകെയുള്ളത്. എന്നാല്‍, മുഴുവന്‍ സര്‍വിസുകളും ഇതുവരെയായി നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.