കോട്ടുകുന്നം പാടത്ത് കതിരിട്ടത് നൂറുമേനി

വെഞ്ഞാറമൂട്: പ്രതികൂല സാഹചര്യങ്ങളിലും നെൽകൃഷിയെ പ്രണയിക്കുന്ന ഒരു കൂട്ടം കർഷകരുടെ അധ്വാനത്താൽ . കഴിഞ്ഞതവണ കൃഷിയിറക്കിയെങ്കിലും കടുത്ത വരൾച്ചയിൽ മുഴുവൻ കരിഞ്ഞുണങ്ങി. ഇതോടെ ചിലർ നെൽകൃഷി ഉപേക്ഷിച്ച് വാഴയും മരിച്ചീനിയും കൃഷി ചെയ്യാൻ തുടങ്ങി. എന്നാൽ, നെല്ലിനെ കൈവിടാൻ തയാറാവാതെ പത്തോളം വരുന്ന കർഷകർ ഇത്തവണയും വിത്തുവിതച്ചപ്പോൾ കതിരിട്ടത് നൂറുമേനി. കൃഷിയുടെ തുടക്കത്തിൽ പ്രതിസന്ധികൾ നിരവധിയായിരുന്നു. മഴയുടെ കാര്യത്തിൽ ആകെ അനിശ്ചിതത്വം. നടാനും കളപറിക്കാനും കൊയ്യാനും തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ട്. പാടം ഉഴാനുള്ള ടില്ലർ പോലും ഇല്ലാത്ത സ്ഥിതി. ഈ പരിമിതികളെല്ലാം കർഷകരുടെ ആത്മവിശ്വാസത്തിന് മുന്നിൽ വഴിമാറിയപ്പോൾ കോട്ടുകുന്നം പാടശേഖരത്തിലെ 15 ഏക്കർ നിലം വീണ്ടും പച്ചപ്പണിഞ്ഞു. എല്ലാവരും വിതച്ചത് ശ്രേയ 2 എന്ന വിത്ത്. സർക്കാർ നൽകിയ വിത്ത് പാതിയും മുളച്ചില്ല. തുടർന്ന് വൻ വില നൽകി ദൂരസ്ഥലങ്ങളിൽനിന്ന് ഞാറ് കൊണ്ടുവരേണ്ടിവന്നു. കൃത്യസമയത്ത് മഴ നൽകി പ്രകൃതി ഇത്തവണ കനിഞ്ഞു. ഇപ്പോൾ കതിരു നിരന്നുകഴിഞ്ഞു. ഓണം കഴിഞ്ഞാലുടൻ കൊയ്ത്ത് നടക്കും. വാമനപുരം നദിയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള കോട്ടുകുന്നം പാടശേഖരത്തിലേക്ക് നദിയിൽനിന്ന് വെള്ളമെത്തിക്കാനുള്ള പദ്ധതിയുമായി നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ജലസേചന വകുപ്പ് പ്രയോജനമില്ലാത്ത സ്ഥലങ്ങളിൽ കോടികൾ ചെലവഴിക്കുമ്പോഴാണ് വെള്ളമില്ലാതെ നെൽകൃഷി കരിയുന്ന സാഹചര്യം ഇവിടെ ഉണ്ടായത്. എങ്കിലും നെല്ലനാട് കൃഷിഭവനിലെ ഉദ്യോഗസ്ഥർ എല്ലാ സഹായവും ചെയ്യുന്നുണ്ടെന്ന് പാടശേഖരസമിതി പ്രസിഡൻറ് ആർ. പ്രകാശം, സെക്രട്ടറി സുധീർ ഖന്ന എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.