സ്ഥാനക്കയറ്റം ലക്ഷ്യമിട്ട് പി.എസ്.സി നിയമനം തടഞ്ഞാൽ നടപടി -മുഖ്യമന്ത്രി തിരുവനന്തപുരം: സ്ഥാനക്കയറ്റം നഷ്ടമാകുമെന്ന് കരുതി ചില സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനം തടയാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും ഇത് തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് നൽകിയുള്ള ബിൽ ചർച്ചക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. താഴ്ന്ന തസ്തികകളിൽ നിയമനം നേടിയവർക്ക് നിശ്ചിത യോഗ്യത നേടിയാൽ സ്ഥാനക്കയറ്റത്തിന് അർഹതയുണ്ട്. ഇത് തടയാനുള്ള സൂത്രപ്പണി അംഗീകരിക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ബിൽ ചർച്ചയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പി.ടി. തോമസും ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. പല പൊതുമേഖല സ്ഥാപനങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിെട്ടങ്കിലും ചട്ടരൂപവത്കരണം നടക്കാത്തതിനാൽ നിയമനം നടക്കുന്നില്ല. ചട്ടരൂപവത്കരണം സമയബന്ധിതമായി പൂർത്തിയാക്കും. പി.എസ്.സിയിൽ 120 തസ്തികകൾ അനുവദിച്ചു. പി.എസ്.സി അംഗങ്ങളുടെ എണ്ണം കുറക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ മുഖ്യമന്ത്രി പരിഹസിച്ചു. നേരത്തേ 14 അംഗങ്ങളുണ്ടായിരുന്നത് 17ഉം പിന്നീട് 20ഉം ആക്കി ഉയർത്തിയത് ആരുടെ ഭരണത്തിലാണെന്ന് ചോദിച്ചു. എന്തായാലും അംഗങ്ങളുടെ എണ്ണം കൂട്ടിയ മുൻ സർക്കാർ തീരുമാനം മാറ്റിയാൽ പ്രയാസം സൃഷ്ടിക്കും. വിവിധ തസ്തികകൾക്കുള്ള യോഗ്യതകൾ കാലാനുസൃതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ജീവനക്കാരുടെ സ്ഥിരനിയമനം ലക്ഷ്യമിട്ടാണ് പി.എസ്.സിക്ക് വിടുന്നത്. നിലവിൽ ഡെപ്യൂേട്ടഷനിലാണ് ട്രൈബ്യൂണലിലെ നിയമനം. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. എൽ.ഡി.സി: നിലപാടെടുക്കേണ്ടത് പി.എസ്.സി- മുഖ്യമന്ത്രി തിരുവനന്തപുരം: പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എൽ.ഡി ക്ലർക്ക് പരീക്ഷക്ക് സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വന്നുവെന്ന പരാതിയിൽ തീരുമാനമെടുക്കേണ്ടത് പി.എസ്.സിയാണെന്ന് മുഖ്യമന്ത്രി. സിലബസിന് പുറത്തെ ചോദ്യങ്ങൾ അധികം വന്നതിനാൽ പരീക്ഷ റദ്ദാക്കണമെന്ന പ്രതിപക്ഷ എം.എൽ.എമാരുടെ ആവശ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒാൺലൈൻ പരീക്ഷകളുടെ എണ്ണം കൂട്ടുന്നതിനും പരീക്ഷ സമയബന്ധിതമാക്കുന്നതിനും പി.എസ്.സി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.സി പരീക്ഷയിൽ സിലബസിന് പുറത്തുനിന്ന് ചോദ്യങ്ങൾ വന്നിട്ടില്ലെന്നും ദേശീയ-അന്തർദേശീയ കാര്യങ്ങൾ പൊതുവിജ്ഞാനത്തിൽ ഉണ്ടാവുമെന്നും കഴിഞ്ഞദിവസം നടന്ന പി.എസ്.സി യോഗം തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.