തിരുവനന്തപുരം: മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യമുയർത്തി ഹരിത കേരള മിഷനും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന കാമ്പയിന് സ്വാതന്ത്ര്യദിനത്തിൽ തുടക്കമാകും. എല്ലാ ജില്ല ആസ്ഥാനങ്ങളിലും ഇതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാമ്പയിനിെൻറ ഭാഗമായി സംസ്ഥാനത്തെ എല്ലാ വീടുകളും സന്നദ്ധപ്രവർത്തകർ സന്ദർശിച്ച് അവസ്ഥാപഠനം നടത്തുന്ന പരിപാടിക്ക് ഞായറാഴ്ച തുടക്കമായി. 13 വരെ ഇത്തരം ഗൃഹസന്ദർശനങ്ങൾ നടക്കും. ഇതോടനുബന്ധിച്ച് ശുചിത്വ സർവേയും നടക്കും. ഓരോ വീട്ടിലുമുണ്ടാകുന്ന ജൈവ-, പ്ലാസ്റ്റിക് മാലിന്യം ഏതൊക്കെ, അവ ഏതുവിധത്തിൽ സംസ്കരിക്കും, വേർതിരിച്ചാണോ സംസ്കരിക്കുന്നത്, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സംവിധാനമുണ്ടോ, ഓരോ വീട്ടിനും അനുയോജ്യമായ മാലിന്യസംസ്കരണരീതിയേത് തുടങ്ങിയ കാര്യങ്ങൾ സർവേയിലൂടെ കണ്ടെത്തും. കുടുംബശ്രീ പ്രവർത്തകർ, എൻ.എസ്.എസ്, എൻ.സി.സി, സ്കൂൾ കോളജ് വിദ്യാർഥികൾ, സാമൂഹിക സംഘടനകൾ, ക്ലബുകൾ എന്നിവരുടെ നേതൃത്വത്തിലാണ് സർവേ. ഒരു ടീം 40--50 വീടുകൾ സന്ദർശിക്കും. . ആഗസ്റ്റ് 15, 16 തീയതികളിൽ മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവർ ഗൃഹസന്ദർശനം നടത്തും. സെപ്റ്റംബർ 15ന് തദ്ദേശസ്ഥാപനതലത്തിൽ ശുചിത്വ, മാലിന്യ സംസ്കരണ പ്ലാൻ തയാറാക്കും. ആഗസ്റ്റ് ആദ്യപകുതി മുതൽ അവസാനപകുതിവരെ ഹരിതകർമസേന രൂപവത്കരണവും നടത്തും. നവംബർ ഒന്നുമുതൽ തദ്ദേശസ്ഥാപനതല ശുചിത്വ, മാലിന്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും ടി.എൻ. സീമ അറിയിച്ചു. ശുചിത്വകേരള മിഷൻ ഡയറക്ടർ കെ. വാസുകിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.