മത്സ്യകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്

വലിയതുറ: ഉള്‍നാടന്‍ ജലാശയ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാന്‍ പുത്തന്‍പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. മികച്ച തൊഴില്‍സാധ്യത സൃഷ്ടിക്കാന്‍ ഉള്‍നാടന്‍ ജലാശയ മത്സ്യകൃഷിയായ അക്വാകള്‍ചറിന് കഴിയുമെന്നാണ് വകുപ്പിന്‍െറ വിലയിരുത്തല്‍. കേരളത്തില്‍ പ്രതിവര്‍ഷം 12 കോടി മത്സ്യക്കുഞ്ഞുങ്ങളെ ആവശ്യമുണ്ടെങ്കിലും ഇവിടെ ഉല്‍പാദിപ്പിക്കുന്നത് രണ്ട് കോടി മാത്രമാണ്. ബാക്കിയുള്ളവ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും ഹാച്ചറികളില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഈ വര്‍ഷം കേരളത്തിലെ മത്സ്യക്കുഞ്ഞ് ഉല്‍പാദനം നാല് കോടിയിലത്തെിക്കാനാണ് ഫിഷറീസ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഘട്ടംഘട്ടമായി മത്സ്യകൃഷിയില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലത്തെിക്കുകയെന്നതും ലക്ഷ്യമിടുന്നു. ‘മത്സ്യസമൃദ്ധി’ എന്ന പേരില്‍ 2018 വരെയുള്ള പദ്ധതിയാണ് പരിഗണിച്ചിരിക്കുന്നത്. കൃത്രിമപ്രജനനം വഴി മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുകയാണ് ആദ്യഘട്ടം. ഇന്ത്യന്‍ മേജര്‍ കാര്‍പ്സ് (ഐ.എം.സി) ഇനത്തില്‍പെട്ട മത്സ്യങ്ങളായ കുറ്റ, രോഹു, മൃഗാല്‍ എന്നീ ഇനങ്ങളെ ലഭ്യമാക്കും. കിലോക്ക് 300 രൂപ വരെയാണ് ഇവയുടെ വിപണി വില. രണ്ടാംഘട്ടത്തില്‍ മൂന്നുതരം ചൈനീസ് കാര്‍പ്സ് മത്സ്യങ്ങളെയും ലഭ്യമാക്കും. നിലവിലുള്ള സര്‍ക്കാര്‍ ഫാമുകളിലെയും ഏജന്‍സികളിലെയും മത്സ്യക്കുഞ്ഞുങ്ങള്‍ കഴിഞ്ഞതിന് ശേഷം മാത്രമേ പുറമേനിന്ന് വാങ്ങൂ. കുറ്റ, രോഹു, മൃഗാല്‍ എന്നീ മത്സ്യങ്ങള്‍ പ്രധാനമായും ഉത്തരേന്ത്യന്‍ നദികളിലാണ് കാണപ്പെടുന്നത്. എന്നാല്‍, ഇവക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ശുദ്ധജലങ്ങളില്‍ വളരുന്ന ഇവ പത്തുമാസം കൊണ്ട് പൂര്‍ണ വളര്‍ച്ചയത്തെും. ഒന്നിന് 750 മുതല്‍ ഒന്നര കിലോവരെ തൂക്കം വരും. വലിയ ചെലവും അധ്വാനവും ആവശ്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക് ഇവയെ കൈകാര്യം ചെയ്യാനും വളര്‍ത്താനും എളുപ്പമാണ്. പഞ്ചായത്തുകള്‍ വഴി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ അതത് വാര്‍ഡംഗങ്ങള്‍ മുഖേനയാണ് കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്. അക്വാ കോഓഡിനേറ്റര്‍മാരെയും പഞ്ചായത്തുകളില്‍ നിയോഗിക്കും. സൗജന്യമായും സബ്സിഡി നിരക്കിലും മത്സ്യക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കും. ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കും. കുളം, കായല്‍, കൈത്തോട് എന്നിവിടങ്ങളിലെല്ലാം ഇത്തരം മത്സ്യങ്ങളെ വളര്‍ത്താന്‍ കഴിയും. ചെറിയ മുതല്‍മുടക്കില്‍ വലിയ സാമ്പത്തികനേട്ടം കര്‍ഷകര്‍ക്ക് ഉണ്ടാകുമെന്നാണ് ഫിഷറീസ് വകുപ്പിന്‍െറ വിലയിരുത്തല്‍. അക്വാകള്‍ചറിന് പിന്നാലെ ചിപ്പി, ചെമ്മീന്‍, ഞണ്ട് എന്നിവയുടെ കൃഷിയും നടപ്പാക്കാന്‍ ഫിഷറീസ്വകുപ്പ് തീരുമാനിച്ചുകഴിഞ്ഞു. അതേസമയം, വേണ്ടത്ര ഹാച്ചറികളും ഉദ്യോഗസ്ഥരും ഇല്ലാത്തത് പദ്ധതിനടത്തിപ്പിന് തിരിച്ചടിയാകുമോ എന്ന ഭയവും വകുപ്പിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.