മഹിളാ കോണ്‍ഗ്രസിന്‍െറ ഓണാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്‍റിന്‍െറ തിരുവാതിര

തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷത്തില്‍ സംസ്ഥാന പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളി. ചൊവ്വാഴ്ച ഡി.സി.സി ഓഫിസില്‍ നടന്ന ഓണാഘോഷത്തിനിടെയാണ് സംസ്ഥാന അധ്യക്ഷതന്നെ തിരുവാതിരയില്‍ പങ്കുചേര്‍ന്നത്. ഇതോടെ പ്രവര്‍ത്തകരും ആവേശത്തിലായി. പാട്ടും ചുവടും തകൃതി. ഒപ്പം നിന്നവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കാനും തിരക്കേറെയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂക്കളമിടുകയും ഓണപ്പാട്ടുകള്‍ പാടുകയും ചെയ്താണ് ആഘോഷം ഗംഭീരമാക്കിയത്. സിനിമാനടന്‍ അരിസ്റ്റോ സുരേഷിന്‍െറ നാടന്‍ പാട്ടും അരങ്ങേറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓണാഘോഷം വിലക്കിയ നടപടി തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജോലിസമയത്ത് ബന്ദിന് ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണം ആഘോഷിക്കേണ്ട എന്നു പറഞ്ഞതിന്‍െറ സാങ്കേതികത്വം എന്താണെന്ന് മനസ്സിലാകുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ആര്‍. ലക്ഷ്മി അധ്യക്ഷത വഹിച്ചു. മലയാളികളുടെ ദേശീയോത്സവം തകര്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ.മുരളീധരന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള, രാജലക്ഷ്മി, ലീലാമ്മ ഐസക്, ഹരിശ്രീ, സുമാ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.