ഓണത്തിനെങ്കിലും ശമ്പളം കിട്ടുമോ...? പ്രാര്‍ഥനയോടെ ബദല്‍ സ്കൂള്‍ അധ്യാപകര്‍

കഴക്കൂട്ടം: ഇന്ന് സംസ്ഥാനം അധ്യാപകദിനം ആചരിക്കുമ്പോള്‍ മാസങ്ങളായി ശമ്പളമില്ലാതെ ജോലിനോക്കുന്ന ബദല്‍ സ്കൂള്‍ അധ്യാപകര്‍ ആശങ്കയിലാണ്. ഓണത്തിനെങ്കിലും ശമ്പളംകിട്ടുമോയെന്ന പ്രാര്‍ഥനയിലാണിവര്‍. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടികള്‍ക്കടക്കം തുടര്‍ പഠനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഭിന്നതല പഠനകേന്ദ്രങ്ങള്‍ (ബദല്‍ സ്കൂളുകള്‍) സ്ഥാപിച്ചത്. ഏകാധ്യാപക വിദ്യാലയങ്ങളാണിവ. സംസ്ഥാനത്ത് 280ഓളം സ്കൂളുകളാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ എട്ടെണ്ണം മലയോരമേഖലയിലും, ഏഴെണ്ണം തീരമേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂളുകളില്‍ ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കടക്കമുള്ള ജീവനക്കാര്‍ക്ക് കൃത്യമായി സര്‍ക്കാര്‍ ശമ്പളം ലഭിക്കുമ്പോള്‍ അധ്യാപകര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ശമ്പളം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ബജറ്റുകളില്‍ പോലും ബദല്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തിന് മതിയായ തുക വകയിരുത്തിയിട്ടില്ളെന്നാണ് ജീവനക്കാരുടെ പരാതി. കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാര്‍ പ്ളാന്‍ ഫണ്ടില്‍നിന്ന് തുക വകയിരുത്തിയാണ് ഇവര്‍ക്ക് ശമ്പളം നല്‍കിയിരുന്നത്. കൂടാതെ കഴിഞ്ഞസര്‍ക്കാറിന്‍െറ കാലത്ത് ബദല്‍ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ദിവസവേദനം അഞ്ഞൂറ് രൂപയാക്കി ഉയര്‍ത്തിയിരുന്നു. പിന്നീടത് മാസശമ്പളം പതിനായിരമാക്കി നിജപ്പെടുത്തി ഉത്തരവിറക്കിയെങ്കിലും നടപ്പായില്ല. ഇപ്പോള്‍ ശമ്പളം മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകര്‍ വകുപ്പിന്‍െറ അധ്യാപക ട്രെയിനിങ്ങുകളടക്കം പൂര്‍ത്തിയാക്കാറുണ്ട്. മുടങ്ങിക്കിടക്കുന്ന ശമ്പളം കിട്ടാന്‍ അധികൃതരുടെ അടിയന്തര നടപടിവേണമെന്നാണ് ഇവരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.