റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനില്ല

വലിയതുറ: റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനില്ല. പ്രതിഷേധവുമായി കാര്‍ഡുടമകള്‍. ഒക്ടോബര്‍ ആദ്യ ആഴ്ച വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങളാണ് മാസം പകുതിയായിട്ടും കാര്‍ഡുടമകള്‍ക്ക് കിട്ടാത്തത്. മാസം തോറും ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരിയും രണ്ട് കിലോ ഗോതമ്പുമാണ് റേഷന്‍ കടകള്‍ വഴി ലഭിക്കുന്നത്. മൊത്തവിതരണക്കാരില്‍ നിന്നും റേഷന്‍കടകളിലേക്ക് ഇനിയും ലോഡുകള്‍ ലഭിക്കാത്തതിനാലാണ് റേഷന്‍ വിതരണം അവതാളത്തിലായതെന്ന് റേഷന്‍കടക്കാര്‍ പറയുന്നു. എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് അവശ്യത്തിനുള്ള ലോഡുകള്‍ ലഭിക്കാത്തതാണ് റേഷന്‍ കടകളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയാതെ പോകുന്നതെന്ന് മൊത്തവിതരണക്കാര്‍ പറയുന്നു. നേരത്തേ വലിയതുറ എഫ്.സി.ഐ ഗോഡൗണില്‍ നിന്നും ദിവസവും 75 ലോഡ് ഭക്ഷ്യധാന്യങ്ങളാണ് പുറത്തേക്ക് പോയിരുന്നത്. എന്നാല്‍, ആഗസ്റ്റ് മുതല്‍ 31ലോഡുകള്‍ മാത്രമാണ് പുറത്തേക്ക് പോകുന്നത്. എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളികള്‍ ലോഡുകള്‍ കയറ്റുന്നതിന് നിയന്ത്രണം എര്‍പ്പെടുത്തിയതോടെയാണ് റേഷന്‍വിതരണം താറുമാറായത്. വലിയതുറ എഫ്.സി.ഐ ഗോഡൗണില്‍ എഫ്.സി.ഐ അംഗീകരിച്ച 28 തൊഴിലാളികളും കഴക്കൂട്ടത്ത് 72 തൊഴിലാളികളുമാണുള്ളത്. വലിയതുറ ഗോഡൗണില്‍നിന്നാണ് നെയ്യാറ്റിന്‍കര താലൂക്കിലെ 10 ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്കും സിറ്റി റേഷന്‍ ഓഫിസിന് കീഴിലുളള എല്ലാ റേഷന്‍കടകളിലേക്കും റേഷന്‍ സാധനങ്ങള്‍ പോകുന്നത്. മുമ്പ് ഓരോ ലോറിയിലും പത്ത് ടണ്‍ വീതം 75 ലോറികളിലേക്ക് ഭക്ഷ്യസാധനങ്ങള്‍ ലോഡ് ചെയ്യുമായിരുന്നു. ഇതിനിടെ ചുമട്ടുതൊഴിലാളികള്‍ക്ക് അമിതജോലി ഭാരമെന്ന് കാണിച്ച് എഫ്.സി.ഐ ഗോഡൗണുകളിലെ ചുമട്ടുതൊഴില്‍ ചെയ്യാന്‍ സ്വകാര്യ എജന്‍സികള്‍ വഴി തൊഴിലാളികളെ നിയമിക്കാന്‍ എഫ്.സി.ഐ നീക്കം നടത്തി. ഇതിനെതിരെ മൂന്ന് മാസമായി ചുമട്ടുതൊഴിലാളികള്‍ ഭാഗികമായി തൊഴില്‍ ചെയ്താണ്് പ്രതിഷേധിക്കുന്നത്. ഇതോടെ വലിയതുറയില്‍ നിന്നും കഴക്കൂട്ടത്ത് നിന്നും ജില്ലയിലെ മൊത്ത വിതരണ കേന്ദ്രങ്ങളിലേക്ക് പോകേണ്ട ലോഡുകള്‍ മുടങ്ങി. ഇതിനുപുറമേ കുറഞ്ഞഅളവില്‍ കിട്ടുന്ന ലോഡുകള്‍ കൃത്യമായി എടുക്കുന്ന മൊത്തവിതരണക്കാര്‍ തൊഴിലാളികളുടെ നിസ്സഹകരണസമരത്തിന്‍െറ പേരുപറഞ്ഞ് റേഷന്‍ കടകളിലേക്ക് വിതരണം ചെയ്യാതെ മൊത്തവിതരണ കേന്ദ്രത്തില്‍ വെച്ച് തന്നെ മറിച്ച് വില്‍ക്കുന്നതായും ആക്ഷേപം ഉയരുന്നു. എഫ്.സി.ഐയുടെ കഴക്കൂട്ടത്തെയും വലിയതുറയിലെയും ഗോഡൗണുകളില്‍ ജില്ലയില്‍ ആവശ്യത്തിന് വിതരണം ചെയ്യാന്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.