നഗരസഭയുടെ ‘ഹട്ട് കച്ചവടം’: ലക്ഷങ്ങളുടെ അഴിമതിയെന്ന്

തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയില്‍ ഹാര്‍ബര്‍ വാര്‍ഡിലെ ഹട്ടുകള്‍ വാടകക്ക് നല്‍കുന്നതിന് പിന്നില്‍ വന്‍അഴിമതിയെന്ന് പരാതി. നഗരസഭയുടെ വിഴിഞ്ഞം സോണല്‍ ഓഫിസ് പരിധിയില്‍ കോവളം ബീച്ചിലെ എട്ട് ഹട്ടുകള്‍ വാടകക്ക് നല്‍കാന്‍ വിളിച്ച ടെന്‍ഡര്‍ തട്ടിക്കൂട്ടാണെന്നും പിന്നില്‍ ലക്ഷങ്ങളുടെ അഴിമതിയുണ്ടെന്നുമുള്ള പരാതിയിന്മേല്‍ വിജിലന്‍സ് തിരുവനന്തപുരം യൂനിറ്റ് അന്വേഷണം ആരംഭിച്ചു. സ്വകാര്യവ്യക്തിക്ക് ടെന്‍ഡര്‍നല്‍കാമെന്ന് മുന്‍കൂര്‍ ധാരണ ഉണ്ടാക്കിയ ശേഷം നടപടികള്‍ ആരംഭിച്ചെന്നും പിന്നില്‍ സി.പി.എം, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഒത്തുകളിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിയിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: സെപ്റ്റംബര്‍ 23നാണ് ടെന്‍ഡര്‍ വിജ്ഞാപനം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത്. (VZM/A6/3042/15 - Dated 17/09/2016). എന്നാലിതിന് മുമ്പുതന്നെ സ്വകാര്യവ്യക്തി നഗരസഭയിലെ വമ്പന്മാരെ കണ്ട് ‘കച്ചവടം’ ഉറപ്പിച്ചു. നടപടിക്രമങ്ങള്‍ ചട്ടപ്രകാരം നടക്കുന്നു എന്നുവരുത്തിക്കൊണ്ട് പിന്‍വാതില്‍ ഇടപാടുകളാണ് പുരോഗമിക്കുന്നത്. പ്രസ്തുത ഹട്ടുകള്‍ കേരള മുനിസിപ്പാലിറ്റി ആക്ടിന് വിധേയമായി നിശ്ചിത തുക ഡെപ്പോസിറ്റ് വാങ്ങി പ്രതിമാസ വാടകക്ക് നല്‍കുന്നു എന്നാണ് വെപ്പ്. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ ഇതിന്‍െറ ഫയലുകള്‍ നഗരസഭയില്‍നിന്ന് അപ്രത്യക്ഷമാകും. ഫയലുകള്‍ അപ്രത്യക്ഷമാക്കാന്‍ നഗരസഭയില്‍ പ്രത്യേക ലോബിതന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഫയല്‍മുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ കൈവശം ഹട്ടുകളത്തെി കഴിഞ്ഞാല്‍ പിന്നെ സര്‍ക്കാര്‍ രേഖകള്‍ കാണാതാവുകയും ഭൂമി അദ്ദേഹത്തിന് സ്വന്തമാക്കുകയും ചെയ്യാം. ഇത്തരത്തിലാണ് ഗൂഢാലോചന നടത്തുന്നവരുടെ പദ്ധതി. പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് അന്വേഷണം തിരുവനന്തപുരം യൂനിറ്റിന് കൈമാറുകയായിരുന്നു. ടെന്‍ഡര്‍ നടപടികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് അധികൃതര്‍ നഗരസഭക്ക് കത്ത് കൈമാറിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.