കിളിമാനൂര്‍: പൊലീസ് സ്റ്റേഷനില്‍ നേരിട്ടത്തെി പരാതിപറയാന്‍ കഴിയാത്തവര്‍ക്കും രഹസ്യവിവരങ്ങള്‍ കൈമാറാന്‍ താല്‍പര്യമുള്ളവര്‍ക്കുമായി കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പരാതിപ്പെട്ടികള്‍ക്കുമുണ്ട് പറയാനേറെ. പരാതിപ്പെട്ടികളില്‍ ചിലതിന് സ്റ്റേഷനില്‍നിന്ന് ഇനിയും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. പരാതിക്കാര്‍ക്ക് ഇരിക്കാനുള്ള മുറിക്കുള്ളിലെ കസേരകള്‍ക്ക് അടിയിലാണ് മാസങ്ങളായി ഇവ ഉപേക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് കിളിമാനൂര്‍ എസ്.ഐ ആയിരുന്ന എസ്. ഷാജിയാണ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചത്. സംസ്ഥാനത്തു തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംവിധാനമായിരുന്നു. പിന്നെ പലയിടത്തും പരീക്ഷിച്ച് വിജയം നേടി. പൊലീസില്‍ നേരിട്ടത്തെി പരാതി നല്‍കാന്‍ പ്രയാസമുള്ളവര്‍ക്കും രഹസ്യവിവരങ്ങള്‍ കൈമാറാനുള്ളവര്‍ക്കുമൊക്കെ ഏറെ ഗുണകരമായാണ് നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷനുകളും ഇവയെ കണ്ടത്. സ്കൂളുകളില്‍ സ്ഥാപിച്ചതോടെ പെണ്‍കുട്ടികള്‍ക്ക് എതിരായുള്ള അതിക്രമങ്ങളും യഥാസമയം അറിയാന്‍ സാധിച്ചു. എന്നാല്‍ എസ്.ഐ സ്ഥലം മാറിപ്പോയതോടെ പരാതിപ്പെട്ടിയും കണ്ണടച്ചു. മാസങ്ങള്‍ക്കുശേഷം എസ്.ഐ, സി.ഐയായി ചാര്‍ജെടുത്തപ്പോള്‍ വീണ്ടും പദ്ധതിക്ക് ജീവന്‍ വെച്ചു. ഇതിനിടെ നശിച്ചുപോയ പഴയ പെട്ടികള്‍ക്ക് പകരം റെസിഡന്‍റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ പുതിയവ സ്ഥാപിച്ചു. അന്ന് വാങ്ങിയ പെട്ടികളില്‍ ചിലതാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നത്. യഥാസമയത്ത് പെട്ടികളിലെ പരാതികള്‍ എടുക്കുകയോ നടപടി സ്വീകരിക്കുകയോ ഇപ്പോള്‍ ചെയ്യുന്നില്ല. ഉപേക്ഷിക്കപ്പെട്ട പെട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നും നിലവിലുള്ളവ നിത്യേന പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.