കഴക്കൂട്ടം: രാത്രികാലങ്ങളിലെ പൊലീസ് പരിശോധന ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഇത്തരം പരിശോധനയില്‍ രസീതില്ലാതെ പെറ്റി പിരിവ് നടത്തുന്നതും വ്യാപകമാണ്. കഴക്കൂട്ടം മണ്‍വിളയില്‍ വളവുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന പൊടിപൊടിക്കുന്നത്. പൊലീസിന്‍െറ വാഹനപരിശോധനയും സദാചാര ചോദ്യം ചെയ്യലും ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് പരിശോധനയുടെ മറവില്‍ പൊലീസ് സദാചാരം ചമയുന്നതും പണപ്പിരിവ് നടത്തുന്നതെന്നുമാണ് ആരോപണം. ടെക്നോ പാര്‍ക്കിനും ജീവനക്കാര്‍ക്കും മതിയായ സുരക്ഷ നല്‍കുമെന്നുള്ള ഉന്നതരുടെ വാക്കുകളെ വളച്ചൊടിച്ചാണ് ചില പൊലീസുകാര്‍ ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്നത്. കഴക്കൂട്ടം-തുമ്പ-ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തി പ്രദേശമാണ് മണ്‍വിള. സംഭവത്തില്‍ പല സംഘടനകളും പരാതി ഉന്നയിച്ചെങ്കിലും മറ്റു സ്റ്റേഷനുകളിലുള്ളവരാണ് പരിശോധന നടത്തുന്നതെന്ന് പഴിപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മൂന്ന് സ്റ്റേഷനിലെ അധികൃതരും ചെയ്യുന്നതത്രെ. എന്നാല്‍ പതിവായി പരിശോധന നടത്തുന്നത് തുമ്പ പൊലീസാണെന്ന് വ്യക്തമാണ്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ടെക്കികളാണ് പൊലീസിന്‍െറ മാനസിക പീഡനത്തിനിരയാകുന്നതില്‍ ഏറെയും. വനിതാ ജീവനക്കാര്‍ സഹപ്രവര്‍ത്തകരുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും കൂടെ പോകുന്നത് പതിവാണ്. എന്നാല്‍, ഇത്തരത്തില്‍ പോകുന്നവരെ തടഞ്ഞുനിര്‍ത്തി രസീത് പോലും നല്‍കാതെയാണ് പണപ്പിരിവ് നടത്തുന്നത് . പുരുഷനും സ്ത്രീയും ഒരുമിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങളാണ് കൂടുതലും പരിശോധക്ക് വിധേയമാക്കുന്നത്. ഇത്തരക്കാരോട് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം പെറ്റി അടയ്ക്കാനാവശ്യപ്പെടും. എന്നാല്‍ രസീത് നല്‍കാറില്ലത്രെ. രസീത് നല്‍കാതെ പണം പിരിച്ചെന്ന പരാതി നിരവധി പേരാണ് ഉന്നയിച്ചത്. രസീത് ചോദിച്ചാല്‍ തീര്‍ന്നുപോയെന്നും അടുത്ത ദിവസം സ്റ്റേഷനില്‍ വന്നാല്‍ നല്‍കുമെന്നാണ് മറുപടി. എന്നാല്‍, പിറ്റേന്ന് സ്റ്റേഷനിലത്തെിയാല്‍ രസീത് നല്‍കുകയുമില്ല. വാഹന പരിശോധനക്ക് എസ്.ഐ റാങ്കില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥന്‍ മേല്‍നോട്ടം വഹിക്കണമെന്നും വളവുകളില്‍ പരിശോധന നടത്തരുതെന്നും ചട്ടമുണ്ട്. എന്നാല്‍ ഇതൊന്നും ഇവിടെ പാലിക്കാറില്ല. പെണ്‍കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഇതര സംസ്ഥാനക്കാരോട് പണപ്പിരിവ് കൂടുതലാണ്. ഇതര സംസ്ഥാനക്കാരാണെങ്കില്‍ 500 മുതല്‍ 1000 രൂപ വരെ പെറ്റിയെന്ന പേരില്‍ വാങ്ങുന്നെന്ന ആക്ഷേപവും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.