ബാങ്ക്, ക്ഷേത്ര കവര്‍ച്ചക്കേസുകളിലെ പ്രതി നാല് വര്‍ഷത്തിനുശേഷം പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ബാങ്ക്, ക്ഷേത്ര കവര്‍ച്ചക്കേസുകളിലെ പ്രതി നാലു വര്‍ഷത്തിനുശേഷം പിടിയില്‍. പാറശ്ശാല ചെറുവാരക്കോണത്ത് മേലതില്‍ വീട്ടില്‍ അജി, ബിജു എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെറിന്‍ സ്വീറ്റിനെയാണ് (40) ഷാഡോ പൊലീസ് തമിഴ്നാട് കളിയിക്കാവിളയിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് പിടികൂടിയത്. പാങ്ങോട്ട് ബാങ്ക് ലോക്കര്‍ പൊളിച്ച് 300പവനും ഒരു ലക്ഷത്തിലധികം രൂപയും കവര്‍ന്ന കേസ്, പത്തനംതിട്ട മല്ലപ്പള്ളി കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തി സ്വര്‍ണത്താഴികക്കുടം കവര്‍ന്ന കേസ് എന്നിവയിലെ മുഖ്യപ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കവര്‍ച്ചയാണ് കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലേത്. സ്വര്‍ണത്താഴികക്കുടം മോഷ്ടിക്കുന്നതിന് മെറിന്‍ സ്വീറ്റിന്‍െറ നേതൃത്വത്തിലെ അഞ്ചംഗസംഘം ക്ഷേത്രത്തിലെ അന്തേവാസി ഗോപാലപിള്ളയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രശേഖരപിള്ളയെ ആക്രമിച്ച് വായില്‍ തുണി തിരുകിക്കയറ്റി തൂണില്‍ കെട്ടിയിട്ടു. തുടര്‍ന്നാണ് ശ്രീകോവിലിന് മുകളില്‍ സ്ഥാപിച്ചിരുന്ന നാലുകിലോയോളം തൂക്കം വരുന്ന സ്വര്‍ണത്താഴികകൂടം മോഷ്ടിച്ചത്. ഇതിന്‍െറ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ബാങ്ക് കവര്‍ച്ച നടത്തി. പൂജപ്പുര പാങ്ങോട് സഹകരണ സംഘം ബാങ്കിലെ ലോക്കര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മുന്നൂറോളം പവനും ഒന്നേകാല്‍ ലക്ഷത്തോളം രൂപയും കവരുകയായിരുന്നു. ഇതിനുശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പൊലീസ് നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെയും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താതെയുമാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. ഇയാളെ കുറിച്ചുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും നീണ്ടിരുന്നു. ഈ അന്വേഷണത്തില്‍ തൂത്തുക്കുടിയിലെ വിലാത്തിപുരം പുതൂര്‍ എന്ന സ്ഥലത്ത് കഴിഞ്ഞ നാലു വര്‍ഷമായി പുറത്തുനിന്നൊരാള്‍ വന്ന് താമസിച്ച് തുളസി കൃഷി നടത്തുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ദിവസങ്ങളോളം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പേര് ബിജുവെന്നാണെന്നും തെങ്കാശി സ്വദേശി ആണെന്നും അറിഞ്ഞു. എന്നാല്‍, തുടര്‍അന്വേഷണത്തില്‍ മെറിന്‍ സ്വീറ്റിന്‍തന്നെയാണ് ഇയാളെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ പൊലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. ഇതിനിടെ, മെറിന്‍ സ്വീറ്റിന്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള കളിയിക്കാവിളയിലെ ഒളിത്താവളം പൊലീസ് കണ്ടത്തെി. തുടര്‍ന്ന് നടത്തിയ കരുനീക്കങ്ങള്‍ക്കൊടുവിലാണ് പ്രതി പിടിയിലായത്. ഒളിസങ്കേതത്തിലുണ്ടായ മല്‍പ്പിടിത്തത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. തലസ്ഥാനത്തത്തെിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തു. പാറശ്ശാല ചെറുവാരക്കോണം സര്‍വിസ് സഹകരണ ബാങ്കില്‍ നടന്ന കവര്‍ച്ചയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ചോദ്യംചെയ്യലില്‍ ബോധ്യമായെന്ന് പൊലീസ് പറഞ്ഞു. ബാലരാമപുരം ടാക്സി സ്റ്റാന്‍ഡില്‍നിന്ന് കാര്‍ വാടകക്ക് വിളിച്ച് പത്തനംതിട്ട കോഴഞ്ചേരി ഭാഗത്ത് കൊണ്ടുപോയി ഡ്രൈവറെ കണ്ണുകെട്ടി മര്‍ദിച്ചവശനാക്കി കാര്‍ തട്ടിയെടുത്ത കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. ക്രൈം സ്ക്വാഡ് എസ്.ഐ സുനില്‍ ലാല്‍, സ്ക്വാഡ് അംഗങ്ങളായ യശോധരന്‍, അരുണ്‍കുമാര്‍, സാബു, ഹരിലാല്‍, സജി, ശ്രീകാന്ത്, വിനോദ്, രജ്ഞിത്, അജിത്, വിനോദ്, പ്രദീപ്, അതുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.