കോര്‍പറേഷന്‍ ശുചിത്വ വാര്‍ഡ് പ്രഖ്യാപനം വീണ്ടും നീട്ടി

തിരുവനന്തപുരം: സമ്പൂര്‍ണ ശുചിത്വവാര്‍ഡ് പ്രഖ്യാപനം കോര്‍പറേഷന്‍ വീണ്ടും നീട്ടി. ഒക്ടോബര്‍ രണ്ടിന് 15 വാര്‍ഡുകള്‍ ശുചിത്വ വാര്‍ഡുകളാക്കി പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ശുചിത്വ വാര്‍ഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തിവരുന്ന സര്‍വേ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. സര്‍വേ നീണ്ടതോടെ പ്രഖ്യാപനം വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് കോര്‍പറേഷന്‍െറ വിശദീകരണം. സ്മാര്‍ട്ട് സിറ്റി കാമ്പയിനൊപ്പമാണ് ശുചിത്വവാര്‍ഡുകളുടെ പ്രവര്‍ത്തനവും നടക്കുന്നത്. അതിനാല്‍ സ്മാര്‍ട്ട് സിറ്റി കാമ്പയിന്‍ അവസാനിപ്പിക്കുന്നതിനൊപ്പമാണ് പ്രഖ്യാപനവും നടത്താനാണുദ്ദേശിക്കുന്നതെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ പറയുന്നു. പ്രഖ്യാപനത്തിനായി തെരഞ്ഞെടുത്ത 15 വാര്‍ഡുകളിലുള്‍പ്പെട്ട പേട്ട, നന്തന്‍കോട്, പാളയം വാര്‍ഡുകളില്‍ ഇതു സംബന്ധിച്ച് ഒരു നടപടിയും ആരംഭിച്ചിട്ടില്ല. പേട്ട വാര്‍ഡില്‍ കൗണ്‍സിലറുടെ നിസ്സഹകരണം തടസ്സമായി. പാളയത്ത് ഇതുവരെ കാമ്പയിന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. നന്തന്‍കോട് വാര്‍ഡില്‍ കിച്ചന്‍ബിന്നുകള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായിട്ടില്ല. ശുചിത്വ വാര്‍ഡ് പ്രഖ്യാപന നടപടികള്‍ ഒച്ചിഴയും വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. മാത്രമല്ല, സ്മാര്‍ട്ട് സിറ്റിയിലേക്ക് മുഴുവന്‍ ശ്രദ്ധയും തിരിഞ്ഞതും പ്രതികൂലമായി. കളിപ്പാന്‍കുളം, ആറന്നൂര്‍, പാളയം, കുന്നുകുഴി, ചാക്ക, വഞ്ചിയൂര്‍, ഉള്ളൂര്‍, മെഡിക്കല്‍ കോളജ്, ശാസ്തമംഗലം, കവടിയാര്‍, നന്തന്‍കോട്, പേട്ട, പേരൂര്‍ക്കട, ജഗതി, വഴുതക്കാട് എന്നീ വാര്‍ഡുകളെയാണ് ഇതിലേക്ക് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തത്. ഇവയില്‍ മിക്കതും കഴിഞ്ഞ ഭരണസമിതി ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചവയാണ്. സമ്പൂര്‍ണ ശുചിത്വമെന്ന് അവകാശപ്പെട്ട വാര്‍ഡുകള്‍ ഇപ്പോഴും മാലിന്യക്കൂമ്പാരമാണെന്ന് കോര്‍പറേഷന്‍തന്നെ സമ്മതിക്കുന്നു. കുറഞ്ഞത് 80 ശതമാനം വീടുകളിലെങ്കിലും ഉറവിട മാലിന്യ സംസ്കരണ ഉപാധി സ്ഥാപിക്കണമെന്നതാണ് പ്രഖ്യാപനത്തിനുള്ള ഒരു മാനദണ്ഡം. ഇതനുസരിച്ച് ഏകദേശം 1,50,000 കിച്ചണ്‍ബിന്നുകള്‍ ഇത്രയും വാര്‍ഡുകളിലായി സ്ഥാപിക്കും. അടുക്കള മാലിന്യസംസ്കരണത്തിന് സൗജന്യമായി കിച്ചണ്‍ബിന്‍ നല്‍കാനാണ് വീടുകള്‍ തോറും സര്‍വേ നടത്തുന്നത്. ഒരിക്കല്‍ സ്ഥാപിച്ചാല്‍ തുടര്‍പരിപാലനം വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തും. മാസം 200 രൂപ ഇതിനായി വീട്ടുകാര്‍ നല്‍കണം. കിച്ചണ്‍ ബിന്‍ ആവശ്യമില്ലാത്തവര്‍ മാലിന്യസംസ്കരണത്തിന് എന്താണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം. ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിക്കാന്‍ തയാറെടുക്കുന്ന വാര്‍ഡുകള്‍ക്ക് കീഴിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് സര്‍വേ നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.