ഒരു കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

വര്‍ക്കല: ഉത്സവപ്പറമ്പില്‍ കഞ്ചാവ് വില്‍ക്കുന്നതിനിടെ രണ്ടു പേര്‍ അറസ്റ്റില്‍. ഒരു കിലോയിലധികം കഞ്ചാവും പിടികൂടി. ചെമ്മരുതി വണ്ടിപ്പുര കാക്കുളംകാവിന് സമീപം അനിവിലാസത്തില്‍ അനില്‍കുമാര്‍ (43), കാക്കുളംകാവിന് സമീപം അമരത്ത് വീട്ടില്‍ രാജു (42) എന്നിവരാണ് അറസ്റ്റിലായത്. കാക്കുളംകാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് വില്‍പനനടത്തുന്നതിനിടെ തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് വര്‍ക്കല സി.ഐ ആര്‍. അശോക്കുമാറിന്‍െറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇരുവരും പതിവായി ചെമ്മരുതി മേഖലയിലെ ഉത്സവപ്പറമ്പുകളും കോളനികളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്നവരാണെന്ന് പൊലീസ് അറിയിച്ചു. നൂറുരൂപയുടെ ചെറുപൊതികളിലാക്കി സ്കൂള്‍, കോളജ് പരിസരങ്ങളില്‍ കറങ്ങിനടന്ന് വില്‍പന നടത്തുന്നവര്‍ക്കും ഇവരാണ് കഞ്ചാവ് എത്തിക്കുന്നത്. കുളത്തൂപ്പുഴ വഴി പച്ചക്കറിയും പഴങ്ങളും കയറ്റിവരുന്ന ചരക്ക് ലോറികളിലൂടെയാണിവര്‍ കഞ്ചാവ് എത്തിക്കുന്നത്. തമിഴ്നാട്ടിലെ വിവിധ തോട്ടങ്ങളില്‍ പോയാണിവര്‍ വന്‍തോതില്‍ കഞ്ചാവ് ശേഖരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. അയിരൂര്‍ എസ്.ഐ എം. ഷഹീര്‍, എ.എസ്.ഐമാരായ സവാദ് ഖാന്‍, ജയന്‍, പൊലീസുകാരായ സുനില്‍കുമാര്‍, ഇതിഹാസ് ജി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.