പാപ്പനംകോട് ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളിറങ്ങി, ഇനി അങ്കം

തിരുവനന്തപുരം: കൗണ്‍സിലര്‍ ചന്ദ്രന്‍െറ അകാലനിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാപ്പനംകോട്ട് മൂന്ന് മുന്നണിസ്ഥാനാര്‍ഥികളും ഗോദയിലിറങ്ങി. ഇനി തീ പാറും പോരാട്ടത്തിന് വാര്‍ഡ് സാക്ഷിയാകും. എല്‍.ഡി.എഫും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് കൂടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പാപ്പനംകോട് തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു. അന്തരിച്ച കെ. ചന്ദ്രന്‍െറ സഹോദരീപുത്രിയും ബിരുദധാരിയുമായ ജി.എസ്. ആശാനാഥിനെയാണ് സീറ്റ് നിലനിര്‍ത്താന്‍ ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ ഈ വാര്‍ഡില്‍ നേടിയ 951 വോട്ടുകളുടെ ലീഡ് വലിയ പ്രതീക്ഷയാണ് അവര്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഭരണമാറ്റം തങ്ങള്‍ക്ക് അനുകൂലമാക്കി കൈവിട്ട സീറ്റ് തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ് ശ്രമം. മികച്ച സ്ഥാനാര്‍ഥിയിലൂടെ മത്സരം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. പാങ്ങോട് മത്സ്യമാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയും സി.ഐ.ടി.യു അംഗവുമായ കെ. മോഹനന്‍ ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സി.കെ. അരുണ്‍ വിഷ്ണു യു.ഡി.എഫിന് വേണ്ടിയും മത്സരിക്കുന്നു. വോട്ടെടുപ്പിന് ഒരു മാസം ശേഷിക്കേ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്‍െറ ആദ്യഘട്ടത്തിലാണ്. ഏറെക്കാലം സി.പി.എമ്മിന്‍െറ കുത്തക വാര്‍ഡായിരുന്നു പാപ്പനംകോട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. ആര്‍. ഉണ്ണിക്കൃഷ്ണനെ 505 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥി കെ. ചന്ദ്രന്‍ വിജയിക്കുകയായിരുന്നു. കോര്‍പറേഷന്‍, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഏറെ മുന്നേറ്റം നടത്തിയ നേമം നിയോജകമണ്ഡലത്തിലാണ് സംവരണ വാര്‍ഡായ പാപ്പനംകോട് എന്നതാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. വാര്‍ഡിലെ താമസക്കാരാണ് മൂവരും. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 11 ആണ്. സൂക്ഷ്മ പരിശോധന 12ന് നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന് വോട്ടെടുപ്പും അടുത്ത ദിവസം വോട്ടെണ്ണലും നടത്തും. വി.കെ. പ്രശാന്തിന്‍െറ അധ്യക്ഷതയില്‍ പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണിത്. ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് വാഴോട്ടുകോണം വാര്‍ഡിലാണ്. സി.പി.എം കൗണ്‍സിലറായിരുന്ന മുന്നാംമൂട് വിക്രമന്‍െറ നിര്യാണമാണ് വാഴോട്ടുകോണത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച, വിക്രമന്‍െറ ഭാര്യ ഹെലനാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.