ഏകമകള്‍ തെരുവിലുപേക്ഷിച്ച മാതാവിന് സത്യാന്വേഷണയുടെ തണല്‍

പേയാട്: ഏകമകള്‍ തെരുവിലുപേക്ഷിച്ച മാതാവിന് തണലായി സത്യാന്വേഷണ കേന്ദ്രം. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി അഴകത്ത് കിഴക്കുംകരവീട്ടില്‍ കമലമ്മയെയാണ് (70) സത്യാന്വേഷണ തങ്ങളുടെ വയോജന കേന്ദ്രത്തിലേക്ക് എത്തിച്ച് അഭയം നല്‍കിയത്. പേയാട് മിണ്ണംകോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യാന്വേഷണ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ നെടിയവിള പൂമലയിലെ ശരണാലയത്തില്‍ 17ാമത്തെ അതിഥിയാണ് ഇപ്പോള്‍ കമലമ്മ. ഉഴമലയ്ക്കല്‍ ചക്രപാണിപുരം എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന കമലമ്മയെ വെള്ളിയാഴ്ച രാവിലെയാണ് സത്യാന്വേഷണയുടെ പ്രവര്‍ത്തകരത്തെി ഏറ്റെടുത്തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ കട വരാന്തയിലാണ് അന്തിയുറങ്ങിയിരുന്നത്. നാട്ടുകാരില്‍ ചിലരുടെ കാരുണ്യമാണ് വിശപ്പകറ്റിയിരുന്നത്. പ്രായത്തിന്‍െറ അവശതകള്‍ക്കൊപ്പം വലതുകാലിന്‍െറയും കൈയിന്‍െറയും സ്വാധീനക്കുറവും കാരണം സ്കൂളിന് മുന്നിലെ കട വരാന്തയില്‍തന്നെയാണ് കമലമ്മ സദാസമയവും. ഇവരുടെ ദുരിതജീവിതം കണ്ട് അലിവുതോന്നിയ ചിലരാണ് സത്യാന്വേഷണ ഭാരവാഹികളെ വിവരമറിയിച്ചത്. ജീവിതത്തിന്‍െറ സായന്തനത്തില്‍ തനിച്ചായിപ്പോയ വയോധികക്ക് അഭയം നല്‍കാന്‍ സത്യാന്വേഷണ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. വാര്‍ഡ് മെംബര്‍ ഷൈജ, ബ്ളോക് മെംബര്‍ സമീമ റാണി, സാമൂഹിക പ്രവര്‍ത്തക പ്രീത എന്നിവര്‍ ചേര്‍ന്ന് സൊസൈറ്റി പ്രസിഡന്‍റ് ഡോ. വി.കെ. മോഹനന്‍, സെക്രട്ടറി കെ. മുരളീധരന്‍, ജോ. സെക്രട്ടറിമാരായ ജനാര്‍ദനന്‍ നായര്‍, ശൈലേഷ്, കോഓഡിനേറ്റര്‍ ചന്ദ്രന്‍ നായര്‍, ജീവനക്കാരി ഉഷ വിക്ടര്‍ എന്നിവര്‍ക്കൊപ്പം കമലമ്മയെ യാത്രയാക്കുകയായിരുന്നു. 2004 ല്‍ ഭര്‍ത്താവ് ഷണ്‍മുഖന്‍ മരിച്ചതോടെയാണ് കമലമ്മയുടെ ജീവിതം ദുരിതപൂര്‍ണമായത്. മകള്‍ക്കും മരുമകനും ഒപ്പമായിരുന്നു പിന്നീട് ഇവരുടെ താമസം. ആകെയുണ്ടായിരുന്ന 15 സെന്‍റും വീടും തന്‍െറ പേരിലേക്ക് എഴുതിനല്‍കാന്‍ മകള്‍ ആവശ്യപ്പെട്ടപ്പോള്‍ കമലമ്മ അതില്‍ തെറ്റൊന്നും കണ്ടില്ല. വീടും സ്ഥലവും നാലുവര്‍ഷം മുമ്പ് കമലമ്മ മകള്‍ക്ക് എഴുതിക്കൊടുത്തു. വീടും സ്ഥലവും കിട്ടിയതോടെ ഈ മാതാവ് മകള്‍ക്ക് ബാധ്യതയായി. മാതാവിനെ തെരുവിലിറക്കി വിട്ടശേഷം വീടും വസ്തുവും വിറ്റ് പണവുമായി മകളും ഭര്‍ത്താവും മുങ്ങിയപ്പോഴാണ് കമലമ്മക്ക് മകളുടെ ചതി ബോധ്യപ്പെട്ടത്. അതോടെ ഇവര്‍ തെരുവിലാകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.