കടലെടുത്ത തീരത്ത് പിടിമുറുക്കി പകര്‍ച്ചവ്യാധികളും

പൂന്തുറ: കടലെടുത്ത് ദുരിതം സമ്മാനിച്ച തീരദേശത്ത് പകര്‍ച്ചവ്യാധികളും പിടിമുറുക്കി. ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനി മരിച്ചിരുന്നു. നിരവധി പേര്‍ക്ക് ഡെങ്കിയും എലിപ്പനിയും സ്ഥിരീകരിച്ചെങ്കിലും നടപടികള്‍ ഇല്ലാതെ ആരോഗ്യവകുപ്പ്. നഗരത്തില്‍നിന്നുള്ള മാലിന്യം തീരത്തുകൊണ്ടുവന്ന് ഉപേക്ഷിക്കുന്നതിന് അറുതിയില്ല. ഇത്തരം സംഘങ്ങളെ പിടികൂടാന്‍ നഗരസഭ നിയോഗിച്ച ഹെല്‍ത്ത് സ്ക്വാഡ് പ്രവര്‍ത്തനം പരാജയം. കടലാക്രമണവും, കനത്തമഴയും, മഴവെള്ളം കെട്ടിനില്‍ക്കുന്നതും, മാലിന്യം റോഡിലേക്ക് ഒഴുകിയിറങ്ങിയതും പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകുന്നു. പൂന്തുറ, ചെറിയതുറ, ബീമാപള്ളി, വലിയതുറ, വള്ളക്കടവ്, വേളി, പനത്തുറ തുടങ്ങിയ തീരമേഖലയിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. കടലാക്രമണം ആരംഭിച്ച സമയം മുതല്‍ തീരത്ത് വൈദ്യപരിശോധന നടത്തണമെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരോഗ്യവകുപ്പ് ഇത് അവഗണിക്കുകയായിരുന്നു. തീരദേശത്ത് ദിവസങ്ങളായിട്ടും മഴവെള്ളം റോഡില്‍ കെട്ടിനില്‍ക്കുകയും ഇതില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന അവസ്ഥയുമാണ്. ഇതിനു പുറമേ നഗരത്തിലെ ഫ്ളാറ്റുകള്‍, അറവുശാലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്നയുള്ള മാലിന്യം കൂലിക്ക് ആളെ വെച്ച് രാത്രിയില്‍ ചാക്കില്‍ കെട്ടി തീരത്തുകൊണ്ട് വന്ന് ഉപേക്ഷിക്കുന്നതാണ് പതിവ്. ഇത്തരത്തില്‍ മാലിന്യംകൊണ്ടുവന്ന് ഉപേക്ഷിക്കുന്ന സംഘങ്ങളെ പിടികൂടാനായി നഗരസഭയുടെ ആരോഗ്യവിഭാഗം പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയെങ്കിലും പരിശോധനക്ക് എന്ന പേരില്‍ രാത്രി ഇറങ്ങുന്ന ഇവര്‍ മാലിന്യം തീരത്ത് ആളൊഴിഞ്ഞ മേഖലകളില്‍ കൊണ്ടുപോയി എറിയാന്‍ ഒത്താശചെയ്ത് കൊടുക്കാറുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ മേഖലകളില്‍ പൊലീസ് ഇടക്കിടെ നടത്തുന്ന പരിശോധനകളിലാണ് ചിലരെങ്കിലും പിടിയിലാകുന്നത്. എന്നാല്‍, ഇവരെ ചെറിയപിഴ ചുമത്തി വിട്ടയക്കുകയാണ് പതിവ്. തമിഴ്നാട്ടില്‍നിന്ന് എത്തിയിട്ടുള്ള സംഘങ്ങളാണ് കൂലിക്ക് മാലിന്യം തീരത്തുകൊണ്ടുവന്ന് തള്ളുന്നത്. ഇവര്‍ ഇത് ഒരുതൊഴിലായിട്ടാണ് കൊണ്ടുപോകുന്നത്. ഇത്തരം സംഘങ്ങളെ നിയന്ത്രിച്ചാല്‍ മാത്രമേ തീരത്ത് മാലിന്യം ഉപേക്ഷിക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനും ഒരുപരിധി വരെ തടയിടാന്‍ കഴിയൂ. പുത്തനാറില്‍ ഒഴുക്ക് നിലച്ച ഭാഗങ്ങളില്‍ കൊണ്ടുവന്ന് തള്ളുന്ന മാലിന്യം കെട്ടി നില്‍ക്കുകയും ജലത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയുമാണ്.സ്ഥിതി വിശേഷം ഇത്രയും ഗുരുതരമായിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ തീരത്തേക്ക് തിരിഞ്ഞുനോക്കുന്നില്ളെന്ന് നാട്ടുകാര്‍. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ചികിത്സതേടി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ ചികിത്സയോ മരുന്നുകളോ ലഭിക്കുന്നില്ളെന്നും പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.