കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് ലോറി മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

വിഴിഞ്ഞം: ആന്ധ്രയില്‍നിന്ന് അരികയറ്റി വന്ന ട്രെയ്ലര്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണംവിട്ട് പിറകിലേക്ക് പാഞ്ഞ് മതിലിലിടിച്ച് നടുറോഡില്‍ മറിഞ്ഞു. സ്കൂട്ടര്‍ യാത്രികനും ലോറിയിലെ വഴികാട്ടിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്. ഒഴിവായത് വന്‍ ദുരന്തം. അപകടത്തെ തുടര്‍ന്ന് വിഴിഞ്ഞം-പള്ളിച്ചല്‍ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നോടെ വിഴിഞ്ഞം ജങ്ഷനില്‍ എസ്.ബി.ടി ബാങ്കിന് സമീപത്തായിരുന്നു സംഭവം. ആന്ധ്രയില്‍നിന്ന് കല്ലുവെട്ടാന്‍കുഴി, ചാവടിനട തുടങ്ങിയ മില്ലുകളിലേക്ക് 284 ചാക്ക് അരിയുമായി വന്ന ലോറിയാണ് മറിഞ്ഞത്. വിഴിഞ്ഞം-പള്ളിച്ചല്‍ റോഡിലെ കയറ്റം കയറുന്നതിനിടയില്‍ എതിരെവന്ന ഓട്ടോയെ രക്ഷിക്കാന്‍ വെട്ടിത്തിരിച്ച ലോറി ഓഫായി. വാഹനം പിറകോട്ട് ഉരുളാതിതിരിക്കാന്‍ ബ്രേക്ക് ചെയ്തെങ്കിലും എന്‍ജിന്‍ ഓഫായതിനാല്‍ എയര്‍ ബ്രേക്ക് സംവിധാനം പ്രവര്‍ത്തിച്ചില്ല. അമിത ലോഡ് കാരണം ഗിയര്‍ സംവിധാനം ഉപയോഗിച്ച് വണ്ടി നിര്‍ത്താനുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ബൈക്കിനെ തകര്‍ത്തശേഷം തൊട്ടടുത്ത വീടിന്‍െറ മതില്‍ ഇടിച്ച ലോറി റോഡിന് കുറുകെവീണു. തെറിച്ച് വീണ അരിച്ചാക്കില്‍ തട്ടി സ്കൂട്ടറില്‍നിന്ന് വീണ തിരുമല സ്വദേശികളായ ഗീതാകുമാരി (52), ഭര്‍ത്താവ് ജയന്‍ (57), ലോറിക്ക് വഴികാട്ടിയായി വന്ന അമരവിള സ്വദേശി വിവേകാനന്ദന്‍ (60) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസും വിഴിഞ്ഞം, ചാക്ക എന്നിവിടങ്ങളില്‍നിന്ന് റിക്കവറി വാഹനങ്ങളുള്‍പ്പെടെ ഫയര്‍ഫോഴ്സും എത്തി. അരിച്ചാക്കുകള്‍ മറ്റ് ലോറികളിലേക്ക് മാറ്റിയെങ്കിലും കൂറ്റന്‍ ലോറിയെ മാറ്റാന്‍ റിക്കവറി വാഹനത്തിനായില്ല. തുടര്‍ന്ന് പുറത്ത് നിന്നത്തെിച്ച ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറിയെ സംഭവസ്ഥലത്തുനിന്ന് മാറ്റാനായത്. വീഴ്ചയില്‍ റോഡില്‍ പരന്ന ഓയില്‍ ഫയര്‍ഫോഴ്സ് കഴുകിക്കളഞ്ഞ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുന$സ്ഥാപിച്ചത്. റോഡിന്‍െറ വീതിക്കുറവും അമിതഭാരവുമാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. നിയന്ത്രണംവിട്ട ലോറി ദിശമാറി മതിലില്‍ ഇടിച്ച് മറിഞ്ഞത് വന്‍ അപകടത്തില്‍നിന്ന് വിഴിഞ്ഞത്തെ രക്ഷിച്ചു. തൊട്ടുതാഴെ ഏറെ ജനത്തിരക്കും അഞ്ച് റോഡുകള്‍ സംഗമിക്കുന്നതുമായ വിഴിഞ്ഞം ജങ്ഷനാണ്. പള്ളിച്ചല്‍ റോഡിലെ കുത്തിറക്കം അവസാനിക്കുന്നത് ജങ്ഷനും കഴിഞ്ഞാണ്. വാഹനത്തിരക്കും ജനത്തിരക്കും കടകളും നിറഞ്ഞ സ്ഥലത്തേക്ക് ലോറി വരാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.