‘എന്‍െറ നഗരം സുന്ദരനഗരം’ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശം

തിരുവനന്തപുരം: വികേന്ദ്രീകൃത മാലിന്യസംസ്കരണവും പ്ളാസ്റ്റിക് ഇതരമാലിന്യങ്ങളുടെ ശേഖരണവും ലക്ഷ്യമിട്ട് കോര്‍പറേഷന്‍ വിഭാവനം ചെയ്തിരിക്കുന്ന ‘എന്‍െറ നഗരം സുന്ദരനഗരം’ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശവുമായി ബജറ്റ് ചര്‍ച്ച. കോടികള്‍ ചെലവിട്ടിട്ടും ജനങ്ങള്‍ക്ക് മൂക്കുപൊത്താതെ നടക്കാനാവാത്ത സാഹചര്യമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ ഭരണസമിതി അവതരിപ്പിച്ച അവസാന ബജറ്റില്‍ പദ്ധതിക്ക് 20 കോടി നീക്കിവെച്ചത് ഫലം കണ്ടില്ളെന്നും പുതിയ ഭരണസമിതി ഇപ്പോള്‍ അവതരിപ്പിച്ച ആദ്യ ബജറ്റിലും 20 കോടി നീക്കിവെച്ചത് ദീര്‍ഘവീക്ഷണമില്ലാതെയാണെന്നും മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും തുറന്നടിച്ചു. വികേന്ദ്രീകൃത മാലിന്യസംസ്കരണമാണ് കോര്‍പറേഷന്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് പറഞ്ഞുനടക്കുന്നത്. എന്നാല്‍, ശാസ്ത്രീയമായ മാലിന്യസംസ്കരണമാണ് ഭരണസമിതി ലക്ഷ്യമിടുന്നതെങ്കില്‍ 20 കോടി വളരെ തുച്ഛമായ തുകയാണെന്നും ബി.ജെ.പി അംഗം കരമന അജിത് ചൂണ്ടിക്കാട്ടി. ശാശ്വതമായൊരു മാലിന്യസംസ്കരണമാണ് പുതിയ ഭരണസമിതിക്ക് മുന്നിലുള്ള ആദ്യവെല്ലുവിളിയെന്നു പറഞ്ഞാണ് മേയര്‍ അധികാരമേറ്റത്. ഏഴുമാസം പിന്നിട്ടിട്ടും ഒരു സംവിധാനംപോലും വന്നില്ല. നഗരം ചീഞ്ഞുനാറുകയാണ്. പൈപ്പ് കമ്പോസ്റ്റിന് ചെലവിട്ട കോടികള്‍ പാഴായി. പിന്നീട് ബയോഗ്യാസ് പ്ളാന്‍റുകള്‍ വന്നെങ്കിലും അതും വിജയം കണ്ടില്ല. ഡോ. തോമസ് ഐസക് തന്‍െറ സ്വപ്നപദ്ധതിയായി കൊണ്ടുനടക്കുന്ന തുമ്പൂര്‍മുഴി പദ്ധതിയും ഫലപ്രദമായില്ല. തുമ്പൂര്‍മുഴിക്കായി കൊണ്ടുവെച്ച പെട്ടികള്‍ പലേടത്തും മാലിന്യംനിറഞ്ഞ് ചീഞ്ഞുനാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, തലസ്ഥാന നഗരത്തിന്‍െറ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണ് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അവതരിപ്പിച്ചതെന്നാണ് നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. ആര്‍.സതീഷ്കുമാര്‍ ചര്‍ച്ചയില്‍ പരാമര്‍ശിച്ചത്. മാലിന്യം മൂടിക്കിടന്ന ഒരു സാഹചര്യത്തില്‍നിന്നാണ് ഈ ഭരണസമിതി അധികാരമേറ്റത്. എന്നാല്‍, വികേന്ദ്രീകൃത സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ ഇന്ന് തലസ്ഥാന നഗരത്തില്‍ എങ്ങുംതന്നെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന സാഹചര്യം കാണാനില്ല. കോര്‍പറേഷന്‍ ഭരണസമിതിയുടെ ഏഴുമാസത്തെ ഭരണനേട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഓമനപ്പേരുകള്‍ നല്‍കി ഊതിവീര്‍പ്പിച്ച ബജറ്റാണ് കോര്‍പറേഷന്‍ അവതരിപ്പിച്ചതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ സി. ഓമന അഭിപ്രായപ്പെട്ടു. ഭരണസമിതിയുടെ ഭാവനകള്‍ക്ക് അതിരില്ല. പക്ഷേ, ഒന്നും നടപ്പാകുന്നില്ളെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍, സാധാരണക്കാരന്‍െറ ഭാവനക്കൊത്ത് പ്രവര്‍ത്തിക്കുന്ന ഭരണസമിതിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നതെന്നും അതിനാല്‍ സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയ ബജറ്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍ കെ.എസ്. ഷീല ചൂണ്ടിക്കാട്ടി. വികസന കാഴ്ചപ്പാടോ ജനോപകാരപ്രദമോ അല്ലാത്ത ബജറ്റാണ് കോര്‍പറേഷനില്‍ ഇപ്പോള്‍ അവതരിപ്പിച്ചതെന്ന് ബി.ജെ.പി കൗണ്‍സിലര്‍ എന്‍. അനില്‍കുമാര്‍ കുറ്റപ്പെടുത്തി. കണക്കുകളില്‍ ഗുരുതരവീഴ്ചയുണ്ട്. കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച മൊത്തം തുകയില്‍ 60 ശതമാനമേ ചെലവാക്കിയുള്ളൂവെന്നും പൂര്‍ണമായും ഫണ്ട് വിനിയോഗം നടത്തിയെങ്കില്‍ ഭരണസമിതിയുടെ പ്രഖ്യാപനമായ എന്‍െറ നഗരത്തെ സുന്ദരനഗരമാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാലിന്യത്തില്‍ മുങ്ങിക്കിടന്ന സാഹചര്യത്തില്‍നിന്നാണ് പുതിയ ഭരണസമിതി അധികാരമേറ്റതെന്ന നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സതീഷ്കുമാറിന്‍െറ ബജറ്റ് പ്രസംഗത്തെ പരാമര്‍ശിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍ വി.ആര്‍. സിനി അഭിപ്രായം പറഞ്ഞത്. കഴിഞ്ഞ 35 വര്‍ഷത്തോളമായി നഗരഭരണം കൈയാളുന്നത് എല്‍.ഡി.എഫാണ്. നഗരം മാലിന്യത്തില്‍ മൂടിക്കിടന്നതിന്‍െറ ഉത്തരവാദിത്തം യു.ഡി.എഫിന്‍െറ തലയില്‍ വെക്കേണ്ടെന്നും സിനി തുറന്നടിച്ചു. ജനകീയാസൂത്രണം വേണ്ട രീതിയില്‍ ഫലം കണ്ടില്ളെന്ന പരാമര്‍ശം എല്‍.ഡി.എഫ് ഭരണപരാജയമാണെന്നും സിനി പറഞ്ഞു. വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി പൂട്ടിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിച്ചാണെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ ശിവജി ചൂണ്ടിക്കാട്ടി. എന്നാല്‍, ആ സമരത്തിന് എ. സമ്പത്ത് എം.പി മുന്‍നിരയില്‍ ഉണ്ടായിരുന്നെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ കെ. മുരളീധരന്‍ മറുപടിയും നല്‍കി. പ്രധാനമന്ത്രി ആവാസ് യോജനയെ കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയല്ളെന്ന് ബി.ജെ.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അഡ്വ. ഗിരികുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാരായ സജി പാപ്പനംകോട്, ജയലക്ഷ്മി, അലത്തറ അനില്‍കുമാര്‍, ഹരിശങ്കര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ ബജറ്റിനെ എതിര്‍ത്തും അനുകൂലിച്ചും സംസാരിച്ചു. തിങ്കളാഴ്ചയും ചര്‍ച്ച തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.