കാട്ടുമുറാക്കല്‍ പാലം കടക്കാന്‍ ‘കടമ്പ’കളേറെ

ആറ്റിങ്ങല്‍: തിരക്കേറിയ റോഡിലെ ഇടുങ്ങിയ പാലം അപകടക്കെണിയാകുന്നു. പുതിയ പാലം പണിയണമെന്ന ആവശ്യം ശക്തമായി. ചിറയിന്‍കീഴ്-കോരാണി റോഡില്‍ കാട്ടുമുറാക്കലിന് സമീപത്താണ് ഇടുങ്ങിയ പാലമുള്ളത്. മാമം ആറിന് കുറുകെയുള്ളതാണ് കാട്ടുമുറാക്കല്‍ പാലം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഈ പാലം. വാഹനങ്ങളുടെയും യാത്രക്കാരുടെയും വര്‍ധന കാരണം പലതവണ റോഡിന് വീതി കൂട്ടി. പാലത്തിന്‍െറ വീതി മാത്രം വര്‍ധിച്ചില്ല. ആവശ്യാനുസരണം വീതിയുള്ള റോഡില്‍ അതിന്‍െറ പകുതിപോലും വീതിയില്ലാത്ത അവസ്ഥയിലാണ് പാലം. വാഹനങ്ങളുടെ ക്രമാതീതമായ വര്‍ധന പാലത്തിനടുത്ത് ഗതാഗതപ്രശ്നത്തിന് ഇടയാക്കുന്നു. ഒരു സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ കഴിയുന്ന വിധം ഇടുങ്ങിയതാണ് പാലം. വലിയ വാഹനങ്ങള്‍ വീതിയില്ലാത്ത പാലത്തിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. പലപ്പോഴും ഒരേ സമയം പാലത്തിലേക്ക് ഇരുഭാഗത്ത് നിന്നും വാഹനങ്ങള്‍ കടക്കാന്‍ ശ്രമിക്കുന്നത് ഗതാഗത സ്തംഭനത്തിനും വാക്കുതര്‍ക്കത്തിനും കാരണമാകുന്നുണ്ട്. പഴക്കത്താല്‍ പാലം ജീര്‍ണാവസ്ഥയിലാണ്. പാലത്തിന്‍െറ കൈവരികളിലും തൂണുകളിലും ബീമുകളിലും പൊട്ടലുകളുണ്ട്. പല ഭാഗത്തും ഭിത്തി അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്. കാല്‍നടയാത്രക്കാര്‍ ഏറെനേരം കാത്തുനിന്നാണ് മറുഭാഗത്ത് എത്തിച്ചേരുക. വലിയ വാഹനങ്ങള്‍ കടന്ന് വരുന്ന സമയത്ത് കാല്‍നടയാത്രക്കാര്‍ക്ക് പോകാനുള്ള സ്ഥലമുണ്ടാകില്ല. ചിറയിന്‍കീഴിലെയും കൂന്തള്ളൂരിലെയും വിവിധ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പാലത്തിലൂടെ കാല്‍നടയായാണ് സ്കൂളില്‍ പോകുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മുടപുരം, മുട്ടപ്പലം ഭാഗങ്ങളിലേക്ക് പോകുന്നതും ഈ പാലം വഴിയാണ്. കിഴുവിലം ഗ്രാമപഞ്ചായത്തിനുള്ളിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.