വര്‍ക്കല ടൗണ്‍ ചീഞ്ഞുനാറുന്നു

വര്‍ക്കല: വര്‍ക്കല ടൗണിന്‍െറ ഹൃദയഭാഗമായ മൈതാനം ജങ്ഷന്‍ ദുര്‍ഗന്ധപൂരിതം. മൂക്കുപൊത്താതെ നിരത്തിലിറങ്ങാനാകാത്ത അവസ്ഥകാരണം ജനം പൊറുതിമുട്ടുന്നു. കുമിഞ്ഞുകൂടുന്ന നഗരമാലിന്യമാണ് ടൗണിനെ പൊറുതിമുട്ടിക്കുന്നത്. നാല്‍ക്കവലകളിലും ബസ്സ്റ്റോപ് പരിസരങ്ങളിലും മാലിന്യം വലിച്ചെറിയുന്നുണ്ട്. പേപ്പര്‍, പ്ളാസ്റ്റിക് മാലിന്യം എന്നിവ കൂടാതെ പച്ചക്കറി സ്റ്റാളുകള്‍, ബേക്കറികള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യവും എത്തുന്നത് ടൗണിലേക്കാണ്. ടൗണിലെ ഫ്ളാറ്റുകളില്‍നിന്നുള്ള ഗാര്‍ഹിക മാലിന്യം നിക്ഷേപിക്കുന്നതും റോഡരികിലാണ്. ഇവ നീക്കം ചെയ്യാന്‍ നഗരസഭാ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ വിജയമായിട്ടില്ല. കോടികള്‍ മുടക്കി സ്ഥാപിച്ച ചവര്‍ സംസ്കരണ പ്ളാന്‍റ് പൂര്‍ണ പരാജയമാണ്. യന്ത്രസാമഗ്രികള്‍ സ്ഥാപിക്കാതെയും മാലിന്യ സംസ്കരണത്തിന് വിശദവും ശാസ്ത്രീയവുമായ പദ്ധതി തയാറാക്കാതെയുമാണ് പ്ളാന്‍റ് സ്ഥാപിച്ചത്. കണ്വാശ്രമത്തിന് സമീപത്തെ പ്ളാന്‍റ് കേവലം ഡംപിങ്യാര്‍ഡ് മാത്രമായി പരിണമിച്ചു. ദൈനംദിനം വര്‍ക്കലയിലും ഉപ ടൗണുകളായ പുന്നമൂട്, പുത്തന്‍ചന്ത എന്നിവിടങ്ങളില്‍നിന്നുമായി ശേഖരിക്കുന്നത് ടണ്‍കണക്കിന് മാലിന്യമാണ്. ഇവയില്‍ ജൈവമാലിന്യം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയൊന്നുമല്ല. മൈതാനിയിലെ അടഞ്ഞുകിടക്കുന്ന റെയില്‍വേ ഗേറ്റ് പരിസരം ടെമ്പോ വാനുകളുടെ അനധികൃത പാര്‍ക്കിങ് കേന്ദ്രമാണ്. ഇവിടം നിറയെ മനുഷ്യവിസര്‍ജ്യമാണ്. തൊട്ടടുത്ത് ചെറിയ പാര്‍ക്കും നഗരമധ്യത്തിലെ പ്രധാന പാര്‍ക്കും പൊലീസ് സ്റ്റേഷന്‍െറ ചുറ്റുവട്ടത്തെ നടപ്പാതകളും മാലിന്യം, വിസര്‍ജ്യം എന്നിവയാല്‍ വൃത്തിഹീനമാണ്. ടൗണിലെ അഴുക്കുചാലുകളുടെ സ്ഥിതി ശോച്യമാണ്. മിക്കയിടങ്ങളിലും ഓടകള്‍ക്ക് സ്ളാബുകളില്ല. പല സ്ഥലങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഹോട്ടലുകള്‍ ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മാലിന്യക്കുഴലുകള്‍ തുറന്നുവെച്ചിരിക്കുന്നതും ഓടകളിലേക്കാണ്. എക്കലും ചെളിയും പ്ളാസ്റ്റിക് മാലിന്യവും അടിഞ്ഞുകൂടി ഓടയില്‍ നീരൊഴുക്ക് നിലച്ചിട്ട് കാലമായി. ഓടയുടെ മുകളില്‍ കോണ്‍ക്രീറ്റ് സ്ളാബുകള്‍ പാകിയാണ് നടപ്പാത സ്ഥാപിച്ചത്. പുന്നമൂട് മാര്‍ക്കറ്റ് പരിസരം, മൈതാനം, ടൗണ്‍, പൊലീസ് സ്റ്റേഷന്‍, ഐലന്‍ഡ്, സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്‍വശം, അടഞ്ഞുകിടക്കുന്ന പബ്ളിക് കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം, അണ്ടര്‍ പാസേജ് ജങ്ഷന്‍, വര്‍ക്കല ക്ഷേത്രറോഡില്‍ ജില്ലാ സഹകരണബാങ്ക് പരിസരം, താലൂക്ക് ആശുപത്രി ജങ്ഷന്‍ എന്നിവിടങ്ങളിലൊന്നും മൂക്കുപൊത്താതെ നടക്കാനാവില്ല. ഓടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ രാമന്തളി, ചിലക്കൂര്‍, തൊട്ടിപ്പാലം, വള്ളക്കടവ്, കോട്ടുമൂല എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലൂടെയും ചെമ്മണ്‍വഴികളിലൂടെയുമാണ് മഴവെള്ളം കുത്തിയൊലിച്ചിറങ്ങുന്നത്. തന്മൂലം നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.