അരങ്ങുണര്‍ന്നു; നെയ്യാറ്റിന്‍കര രാഗതാളലയസമ്മിശ്രം

നെയ്യാറ്റിന്‍കര: കഥകളി മേളത്തിന്‍െറ ചിറകിലേറിയും നാടന്‍ പാട്ടിന്‍െറ വശ്യതയിലലിഞ്ഞും ഭരതനാട്യത്തിന്‍െറ ഹൃദ്യഭാവങ്ങള്‍ നെഞ്ചേറ്റിയും നെയ്യാറ്റിന്‍കരയില്‍ കലാപൂരത്തിന് തിരിതെളിഞ്ഞു, നെയ്യാറിന്‍തീരത്തിന് ഇനി താളമേളങ്ങളുടെ പകലിരവുകള്‍. വര്‍ണശബളമായ ഘോഷയാത്രക്കും ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് വേദികളുണര്‍ന്നത്. ബോയ്സ് സ്കൂളിലെ പ്രധാന വേദിയില്‍ മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് തുടക്കത്തിലേ കല്ലുകടിയായി. മറ്റിടങ്ങളില്‍ ആറോടെതന്നെ മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഒരുമണിക്കൂറിലധകം കാത്തിരിക്കേണ്ടി വന്നു ഒന്നാം വേദിയില്‍ തിരശ്ശീലയുയരാന്‍. ഒന്നാംവേദിയില്‍ സാധാരണ കാണാറുള്ള ആവേശവും ഇന്നലെ കാണാനില്ലായിരുന്നു. തുടക്കം മുതലേ വേദി ശുഷ്കമായിരുന്നതിന് പിന്നാലെ അപ്രതീക്ഷിത വൈകല്‍ കൂടിയായതോടെ ഏറെനേരം ക്ഷമിച്ചിരുന്ന കാഴ്ചക്കാര്‍ പലരും തിരിച്ചുപോയി. എച്ച്.എസ് വിഭാഗം തിരുവാതിരയായിരുന്നു ആദ്യ ഇനം. സമീപത്തെ വേദി രണ്ടിലാകട്ടെ ഈ സമയം വൃന്ദവാദ്യം അരങ്ങുതകര്‍ത്തു. കാഴ്ചക്കാരായി നിരവധിപേരെയും ഇവിടെ കാണാമായിരുന്നു. കലോത്സവത്തിന് നാട്യചാരുത പകര്‍ന്ന മോഹിനിയാട്ടമായിരുന്നു മറ്റൊരു പ്രധാന ഇനം. ഗേള്‍സ് സ്കൂളിലെ വേദി അഞ്ചിലായിരുന്നു മത്സരം. നേരിയവൈകല്‍ തുടക്കത്തില്‍ രസംകൊല്ലിയായെങ്കിലും സമ്പന്നമായ സദസ്സും കനത്ത മത്സരവും ആരംഭത്തിലേ പോരായ്മകളെ മറികടന്നു. ഗേള്‍സ് സ്കൂളിലെ ആറാം വേദിയില്‍ നാടന്‍ വാമൊഴി വഴക്കത്തിന്‍െറ നാദമാധുരി തീര്‍ത്ത നാടന്‍ പാട്ടും കാണികളെ അക്ഷരാര്‍ഥത്തില്‍ പിടിച്ചിരുത്തി. പരമ്പരാഗത പാട്ടുവട്ടങ്ങളുടെ പുനരാവിഷ്കാരം ഏറെ ഹൃദ്യവുമായിരുന്നു. ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായതും ഈവേദി തന്നെ. പടപ്പാട്ടുകളുടെ ചടുല താളങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിച്ച ജെ.ബി.എസ് ഹാളില്‍ മാപ്പിളപ്പാട്ട് വേദിയും ചൊവ്വാഴ്ച ഏറെ ശ്രദ്ധേയമായി. രചനാമത്സരങ്ങളും ചൊവ്വാഴ്ച നടന്നു. രാവിലെ 8.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പതാക ഉയര്‍ത്തിയതിനെതുടര്‍ന്ന് എട്ട് ഇടങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ചിത്രരചന, ജലച്ചായം, എണ്ണച്ചായം, കാര്‍ട്ടൂണ്‍, കൊളാഷ്, ഉപന്യാസം, കഥാരചന , കവിതാരചന, സമസ്യാപൂരണം, തുടങ്ങിയവയായിരുന്നു ഇനങ്ങള്‍. അറബിക്-സംസ്കൃതം സാഹിത്യോത്സവങ്ങളിലും ചൊവ്വാഴ്ച മത്സരങ്ങള്‍ അരങ്ങേറി. ഉദ്ഘാടനവേദിയില്‍ ജനപ്രതിനിധികളുടെ അസാന്നിധ്യം മുഴച്ചു നിന്നു. നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്ന എം.എല്‍.എമാരില്‍ ആരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല. ശശി തരൂര്‍ എം.പിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവും ചടങ്ങിനത്തെിയില്ല. കുടിവെള്ള ടാങ്കില്‍ ചത്ത കാക്കയെ കണ്ടത്തെിയതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയ മറ്റൊരു സംഭവം. കുടിവെള്ളത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന ്ടാങ്ക് പരിശോധിച്ചപ്പോഴാണ് ചത്ത കാക്കയെ കണ്ടത്തെിയത്. ഇതിനെതുടര്‍ന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി ഒന്നാം വേദിക്ക് സമീപം നിലയുറപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.