വിഴിഞ്ഞം തുറമുഖ നിര്‍മാണം പുരോഗമിക്കുന്നു

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മാണം പുരോഗമിക്കുന്നു. ഡ്രഡ്ജിങ് തുടരുന്നതിനാല്‍ മുല്ലൂരില്‍ 400 മീറ്ററോളം തീരം രൂപപ്പെട്ടു. തുറമുഖത്തേക്ക് വരുന്നതും പോകുന്നതുമായ ലോറികളുടെ ഭാരം അളക്കുന്ന വെയ്ബ്രിഡ്ജിന്‍െറ നിര്‍മാണം അടുത്ത ആഴ്ചയ് പൂര്‍ത്തിയാകും. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കമ്പനി സി.ഇ.ഒയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം തിങ്കളാഴ്ച ചേരും. തുറമുഖ കവാടം മുതല്‍ കരിമ്പള്ളിക്കര വരെ നീളുന്ന രണ്ട് കിലോമീറ്ററോളം വരുന്ന തുറമുഖ റോഡിലാണ് ടാറിങ്ങിനുപകരം ഗ്രാനുലാര്‍ സബ് ബേസ് എന്നറിയപ്പെടുന്ന മിശ്രിതം ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുന്നത്. മൊത്തം 40 സെന്‍റിമീറ്റര്‍ കനത്തിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. ആദ്യഘട്ടമെന്നനിലയില്‍ 20 സെന്‍റിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കും. എന്നാല്‍, റോഡ് നിര്‍മാണത്തിന് തടസ്സമായി തുറമുഖ കവാടത്തിനുസമീപം 200 മീറ്ററോളം ദൂരത്തില്‍ മത്സ്യത്തൊഴിലാളികള്‍ കട്ടമരങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. കടലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായാലേ കട്ടമരങ്ങള്‍ നീക്കൂയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പാക്കേജിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ കലക്ടറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും പരിഹാരമാകാതെ പിരിഞ്ഞു. റോഡ് നിര്‍മാണം പൂര്‍ത്തിയായാലേ പുലിമുട്ട് നിര്‍മാണത്തിന് ആവശ്യമായ കരിങ്കല്ലുകള്‍ കൊണ്ടുവരാനാകൂ. മൂക്കുന്നിമല, ആര്യനാട്, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നാണ് പുലിമുട്ടിനുള്ള കരിങ്കല്ലുകള്‍ എത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.