ആറ്റുകാല്‍ പൊങ്കാല :കുത്തിയോട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ കുത്തിയോട്ട വ്രതാരംഭത്തിന് ബുധനാഴ്ച തുടക്കമാകും. കുത്തിയോട്ട ബാലന്മാരുടെ വ്രതം രാവിലെ 8.30ന് പള്ളിപ്പലകയില്‍ കാണിക്ക അര്‍പ്പിച്ച് ആരംഭിക്കും. ക്ഷേത്രത്തില്‍ തങ്ങുന്ന ഇവര്‍ പൊങ്കാല ദിവസം നടക്കുന്ന ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കും. 862 ബാലന്മാരാണ് ഇത്തവണ നേര്‍ച്ചയായി രജിസ്റ്റര്‍ ചെയ്തത്. നിര്‍മാല്യദര്‍ശനം, പന്തീരടിപൂജ, ഭഗവതി സേവ, അത്താഴ ശ്രീബലി എന്നിവയാണ് മൂന്നാം ദിനത്തിലെ പ്രധാന പൂജകള്‍. നൃത്തനൃത്യങ്ങള്‍ കൂടാതെ ഭക്തിഗാനമേള, ഗാനമേള, ഭരതനാട്യം, കച്ചേരി എന്നിവയും ഇന്ന് അരങ്ങേറും. രണ്ടാംദിനമായ ചൊവ്വാഴ്ച വന്‍ ഭക്തജനത്തിരക്കാണ് ഉണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ദര്‍ശനത്തിനായി എത്തുന്നത്. വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങിയതോടെ നഗരം രാത്രിയിലും ആഘോഷങ്ങളാല്‍ വര്‍ണാഭമാണ്. കമാനങ്ങളും വര്‍ണപ്രകാശവും വിതറി വിവിധ സംഘടനകളും ക്ഷേത്രത്തിലേക്കുള്ള റോഡുകളെ ഭക്തിസാന്ദ്രമാക്കുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മികച്ച ക്രമീകരണം ഒരുക്കിയിട്ടുണ്ട്. പൊങ്കാലക്കത്തെുന്ന ഭക്തര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് വിവിധ സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.