ബാലരാമപുരം: കെ.എസ്.ഇ.ബി ഓഫിസില്‍ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ജീവനക്കാര്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി പോസ്റ്റുകളിലും മറ്റും പണിയെടുക്കുമ്പോള്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ല. അധികൃതരുടെ അനാസ്ഥയാണ് ഇതിനു പിന്നിലെന്നും ജീവനക്കാര്‍ രഹസ്യമായി സമ്മതിക്കുന്നു. കഴിഞ്ഞ ദിവസം കള്ളിക്കാട് സ്വദേശിയായ ലൈന്‍മാന്‍ ബിജുവും ബാലരാമപുരം വെടിവെച്ചാന്‍കോവില്‍ സ്വദേശി സതീഷുമാണ് അവസാന ഇരകള്‍. ഇരുവരും ഒരേ ദിവസമാണ് മരിച്ചത്. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ഒറ്റക്ക് പോസ്റ്റില്‍ കയറിയാണ് ബിജു മരണത്തിലേക്ക് എടുത്തുചാടിയത്. സതീഷ് തിരുവനന്തപുരം ശ്രീവരാഹത്ത് തെരുവുവിളക്കിന്‍െറ അറ്റകുറ്റപ്പണിക്കിടെ ഏണിയില്‍നിന്ന് കാല്‍ വഴുതിവീണാണ് മരിച്ചത്. പോസ്റ്റുകളില്‍ പണിയെടുക്കുന്നവര്‍ക്ക് സുരക്ഷാ ബെല്‍റ്റ് നല്‍കിയിട്ടുണ്ടെങ്കിലും പല വൈദ്യുതി സെക്ഷനിലും ബെല്‍റ്റ് ഉള്‍പ്പടെ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ല. എന്നാല്‍, പല സെക്ഷനുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജോലി ഭാരവും കൂടുതലാണ്. അറ്റകുറ്റപ്പണി നടത്തുമ്പോള്‍ ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളുടെ മോശം നിലവാരവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ശ്രീവരാഹത്ത് പോസ്റ്റില്‍നിന്ന് വീണു മരിച്ച സതീഷ് തലക്ക് ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. ഇദ്ദേഹം ധരിച്ചിരുന്ന ഹെല്‍മറ്റ് താഴെ വീഴുമ്പോള്‍തന്നെ പൊട്ടിയിരുന്നു. 2010 മുതല്‍ നാളിതുവരെ അപകടങ്ങളില്‍പെട്ട് 89 ജീവനക്കാരും 78 കരാര്‍ തൊഴിലാളികളും മരിച്ചിട്ടും കെ.എസ്.ഇ.ബിയുടെ സുരക്ഷാ വിഭാഗം അപകടങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് പരാതിയുണ്ട്. നിലവില്‍ അപകടങ്ങളില്‍പെട്ട് പരിക്കേറ്റവര്‍ 1148 ആണ്. ഇതില്‍ കരാര്‍ തൊഴിലാളികളില്‍ പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ്. രാത്രിയില്‍ കേരളത്തിലെ പല സബ് ഡിവിഷനുകളിലും മൂന്നില്‍ താഴെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതിനാല്‍തന്നെ രാത്രിയിലുണ്ടാകുന്ന അറ്റകുറ്റപ്പണി ഒറ്റക്ക് ചെയ്യേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.