വര്‍ക്കല: 84ാമത് ശിവഗിരി തീര്‍ഥാടനത്തിന് ഇനി രണ്ട് നാള്‍ മാത്രം ശേഷിക്കെ ഒരുക്കം അന്തിമഘട്ടത്തിലെന്ന് മഠം അധികൃതര്‍ അറിയിച്ചു. 30ന് രാവിലെ ഏഴിന് പാഞ്ചജന്യം ഓഡിറ്റോറിയത്തിന് മുന്നിലെ കൊടിമരത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശാനന്ദ പീതപതാക ഉയര്‍ത്തുന്നതോടെ 84ാമത് ശിവഗിരി തീര്‍ഥാടനം ആരംഭിക്കും. തുടര്‍ന്ന് പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും. വിവിധയിടങ്ങളില്‍നിന്ന് ആരംഭിച്ച തീര്‍ഥാടനപദയാത്രകളും രഥയാത്രയും 29ന് രാത്രിയോടെ ശിവഗിരിയില്‍ എത്തിച്ചേരും. വ്യാഴാഴ്ച രാവിലെ മുതല്‍ക്കെ ശിവഗിരിയും താഴ്വാരവും വര്‍ക്കല നഗരവും തിരക്കിലമരും. നാരായണമന്ത്രങ്ങളും ഉരുവിട്ടുകൊണ്ട് എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിനകം ഒരുക്കിയിട്ടുണ്ട്. താമസം, ഭക്ഷണം, വൈദ്യസഹായം, ശുചീകരണം എന്നിവക്കെല്ലാം വിവിധ സബ്കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്. അന്നദാനത്തിനായി പച്ചക്കറിയും പലചരക്ക് സാധനങ്ങളുമായി ചെറുതും വലുതുമായ സംഘങ്ങള്‍ ഇപ്പോഴേ ശിവഗിരിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍, ശങ്കരാനന്ദനിലയം, ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലും സമീപത്തെ സ്വകാര്യഭവനങ്ങളിലുമാണ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ശിവഗിരിക്കുന്ന് മുതല്‍ താഴ്വാരവും വര്‍ക്കല നഗരവും തീര്‍ഥാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. റോഡിന് കുറുകെ കൂറ്റന്‍ കമാനങ്ങളും പൂപ്പന്തലും കൊടിതോരണങ്ങളും വൈദ്യുതിദീപാലങ്കാരവും സജ്ജമാക്കി. മൂന്ന് ദിവസങ്ങളിലായി തീര്‍ഥാടനസമ്മേളനങ്ങളും കലാപരിപാടികളും നടക്കുന്ന പന്തലിന്‍െറ നിര്‍മാണജോലികള്‍ അന്തിമഘട്ടത്തിലാണ്. ഇക്കുറി കൂറ്റന്‍പന്തലാണ് ഒരുങ്ങുന്നത്. പതിനയ്യായിരം പേരെ ഉള്‍ക്കൊള്ളാനാവുന്നതാണ് ഈ പന്തല്‍. ക്രമസമാധാനപാലനത്തിനും സുരക്ഷക്കും ഗതാഗതക്രമീകരണങ്ങള്‍ക്കുമായി അറുനൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ശിവഗിരിയില്‍ താല്‍ക്കാലിക പൊലീസ് കണ്‍ട്രോള്‍ റൂമും മട്ടിന്‍മൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ താല്‍ക്കാലിക ഓപറേറ്റിങ് ഡിപ്പോയും പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.