തലസ്ഥാനത്ത് വര്‍ണാഭമായ ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം: ക്രിസ്മസ് തലസ്ഥാനത്തെ ദേവാലയങ്ങളില്‍ വര്‍ണാഭമായി ആഘോഷിച്ചു. പുല്‍ക്കൂടൊരുക്കി അലങ്കാരവിളക്കുകളും നക്ഷത്രവിളക്കുകളും തൂക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ മനോഹര കാഴ്ചയൊരുങ്ങി. ക്രിസ്തുവിന്‍െറ ജനനസ്മരണ പുതുക്കി ദേവാലയങ്ങളില്‍ നടന്ന തിരുകര്‍മങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പള്ളികളില്‍ പ്രത്യേകം സജ്ജീകരിച്ച ഉണ്ണിയേശുരൂപത്തിന് മുന്നില്‍ ശുശ്രൂഷകള്‍ നടന്നു. ഞായറാഴ്ച പകല്‍ സ്നേഹക്കൂട്ടായ്മകളുടെയും വിരുന്നുകളുടെയും വേളയായിരുന്നു. ദേവാലയങ്ങളില്‍ പാതിരാകുര്‍ബാനകളില്‍ പങ്കെടുക്കാന്‍ വലിയ തോതില്‍ വിശ്വാസികളത്തെി. പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ക്രിസ്മസ് തിരുകര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കസഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികനായി. ക്രിസ്മസ്ശുശ്രൂഷ, കുര്‍ബാന, കരോളിന്‍െറ ആശംസ എന്നിവയും ഉണ്ടായിരുന്നു. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലില്‍ ക്രിസ്മസിന്‍െറ തിരുകര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികനായി. വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയില്‍ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ നടന്നു. കുര്‍ബാനക്ക് ഇടവക വികാരി മോണ്‍. ടി. നിക്കോളാസ് മുഖ്യകാര്‍മികനായി. പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ ക്രിസ്മസ്ശുശ്രൂഷകള്‍ക്ക് ഫാ. ജോസ് ചരുവില്‍ മുഖ്യകാര്‍മികനായി. പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ തിരുകര്‍മങ്ങള്‍ ക്രിസ്മസ് കരോളോടെയാണ് ആരംഭിച്ചത്. പിറവിത്തിരുന്നാള്‍ തിരുകര്‍മങ്ങള്‍ക്കും സമൂഹബലിക്കും ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറലും ലൂര്‍ദ് ഇടവക വികാരിയുമായ മോണ്‍. ഡോ. മാണി പുതിയിടം മുഖ്യകാര്‍മികനായി. തുടര്‍ന്ന് പിറവി തീകായല്‍, പ്രദക്ഷിണം, ക്രിസ്മസ് ആഘോഷം എന്നിവയും സംഘടിപ്പിച്ചിരുന്നു. പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയില്‍ ജപമാലയോടെയാണ് തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആരംഭിച്ച കുര്‍ബാനക്ക് സി.എം.ഐ സെന്‍റ് ജോസഫ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. സിറിയക് മഠത്തില്‍ സി.എം.ഐ മുഖ്യകാര്‍മികത്വം വഹിച്ചു. പേരൂര്‍ക്കട ലൂര്‍ദ്ഹില്‍ ദേവാലയത്തില്‍ തിരുകര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. റോണി മാളിയേക്കലും കുറവന്‍കോണം സെന്‍റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയില്‍ ക്രിസ്മസ് ശുശ്രൂഷകള്‍ക്കും കുര്‍ബാനക്കും ഇടവക വികാരി ഫാ. ജോണ്‍ അരീക്കലും കോട്ടണ്‍ഹില്ലിലെ കാര്‍മല്‍ഹില്‍ ആശ്രമദേവാലയത്തില്‍ ദിവ്യബലിക്ക് ഫാ. ജോസഫ് ഇളംപറയിലും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.