വലിയതുറ: മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകും. എന്നാല്‍, പ്രവര്‍ത്തനം എത്രത്തോളം കാര്യക്ഷമമാകുമെന്ന കാര്യം കണ്ടറിയേണ്ട സാഹചര്യമാണ്. മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുകൂടാകാതിരിക്കാന്‍ അമോണിയപോലുള്ള രാസവസ്തുക്കള്‍ അനിയന്ത്രിതമായി ചേര്‍ക്കുന്നെന്ന് ഒക്ടോബര്‍ നാലിന് ‘മാധ്യമം’ ‘മലയാളി കഴിക്കുന്നത് രാസവസ്തു കലര്‍ത്തിയ മറുനാടന്‍ മീന്‍’ തലക്കെട്ടില്‍ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ദൃശ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നതോടെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഭക്ഷ്യസുരക്ഷവിഭാഗം തലസ്ഥാനത്ത് അടിയന്തര യോഗം ചേര്‍ന്ന് രാസപദാര്‍ഥങ്ങളുടെ സാന്നിധ്യം കണ്ടത്തൊനുള്ള പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെയും സംസ്ഥാനത്തിന്‍െറയും തീരങ്ങളില്‍നിന്ന് പിടിക്കുന്ന മത്സ്യങ്ങളില്‍ ഐസിനൊപ്പം രാസവസ്തുക്കള്‍കൂടി ചേര്‍ത്താണ് മാര്‍ക്കറ്റുകളില്‍ വില്‍പനക്ക് എത്തിക്കുന്നത്. ഇത്തരം മത്സ്യങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പരിശോധന പ്രഹസനമായി. സംസ്ഥാനത്തെ തീരത്ത് മത്സ്യലഭ്യത കുറഞ്ഞതോടെ തൂത്തുക്കുടി, കന്യാകുമാരി, കുളച്ചല്‍, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളെയാണ് ആശ്രയിക്കുന്നത്. ഇവിടെനിന്ന് വാഹനങ്ങളില്‍ കയറ്റുന്ന മത്സ്യങ്ങള്‍ മാര്‍ക്കറ്റുകളില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്നതിനാല്‍ ഐസിനൊപ്പം അമോണിയയും വിതറും. പിന്നീട് മൊത്തവിതരണ കേന്ദ്രങ്ങളിലും അവിടെനിന്ന് ചില്ലറവില്‍പനകേന്ദ്രങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളിലേക്ക് വീണ്ടും കച്ചവടക്കാര്‍ ചീയാതിരിക്കാന്‍ സോഡിയം ബെന്‍സോയിറ്റ് എന്ന രാസവസ്തുകൂടി ചേര്‍ക്കും. ഇതോടെ മത്സ്യങ്ങള്‍ കൂടുതല്‍ വിഷമയമാകും. അമിത രാസവസ്തുക്കള്‍ ചേര്‍ക്കുന്ന മത്സ്യങ്ങളുടെ പുറംതോട് ചീയാതിരിക്കും. ചെറുകിട മാര്‍ക്കറ്റുകളില്‍ വില്‍പനക്ക് എത്തുന്ന ഇത്തരം മത്സ്യങ്ങള്‍ക്ക് മുകളില്‍ കടല്‍മണ്ണ് വിതറി ‘ഫ്രഷ്’ മത്സ്യമായാണ് വില്‍പന നടത്തുന്നത്. ഇതരസംസ്ഥാനത്തുനിന്നുള്ള മത്സ്യങ്ങളില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് പരിശോധിച്ച് ഇവ തിരിച്ച് അയക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഇല്ലാത്തത് പരിശോധന സംഘത്തിന് വിലങ്ങുതടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.