വനിതാകമീഷന്‍ അദാലത്; 47 കേസുകള്‍ തീര്‍പ്പാക്കി

തിരുവനന്തപുരം: 32 വയസ്സുള്ള മകളുടെ വിവാഹം നടത്താന്‍ പിതാവിന്‍െറ സഹായം തേടി വീട്ടമ്മയും വീട് പണയപ്പെടുത്തി റിട്ട. ഡിവൈ.എസ്.പിക്ക് 10 ലക്ഷം കടം നല്‍കിയ വീട്ടമ്മയും വനിതാകമീഷന്‍ അദാലത്തിലെ നൊമ്പരക്കാഴ്ചകളായി. ആറ് മാസത്തിനകം രണ്ട് ഘട്ടമായി വാങ്ങിയ പൈസ മുഴുവന്‍ തിരികെ നല്‍കാമെന്ന് റിട്ട. ഡിവൈ.എസ്.പി കമീഷന് മുന്നില്‍ ഉറപ്പുനല്‍കി. തിരുവനന്തപുരം സ്വദേശിനിയാണ് മകളുടെ വിവാഹത്തിന് പിതാവിന്‍െറ സഹായംതേടിയത്തെിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചനം നേടിയ ഇവരുടെ രണ്ടുമക്കളും തന്‍െറ മാതാപിതാക്കളുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്ന് ഇവര്‍ പറയുന്നു. ഭര്‍ത്താവിന്‍െറ നിരന്തരപീഡനത്തെതുടര്‍ന്നാണ് വിവാഹമോചനം നേടിയത്. മകന് ബുദ്ധിമാന്ദ്യമുണ്ട്. നഴ്സായ മകളുടെ വിവാഹം നടത്താന്‍ വഴികാണാതെ വലയുകയാണിവര്‍. മുമ്പ് വനിതാകമീഷന്‍െറ ഇടപെടലിനെതുടര്‍ന്ന് മക്കള്‍ക്ക് തുച്ഛമായ ജീവനാംശം നല്‍കിയിരുന്നെങ്കിലും പിന്നീട് അതും തരാതായെന്നും ഇവര്‍ പറഞ്ഞു. കമീഷന്‍െറ ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് കെല്‍സ (കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വിസ് അതോറിറ്റി) സൗജന്യ നിയമസഹായം ഇന്നലെ ഏര്‍പ്പാടാക്കി. പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് റിട്ട. ഡിവൈ.എസ്.പിക്ക് പണം കടം നല്‍കിയ കീഴാറ്റിങ്ങല്‍ സ്വദേശിയായ വീട്ടമ്മ വനിതാകമീഷനെ സമീപിച്ചത്. നാലുവര്‍ഷം മുമ്പാണ് നെടുമങ്ങാട് സ്വദേശിയായ ഡിവൈ.എസ്.പി തന്‍െറ മകളുടെ വിവാഹാവശ്യത്തിന് വീട്ടമ്മയില്‍ നിന്ന് പത്ത് ലക്ഷം കടം വാങ്ങിയത്. ലക്ഷങ്ങളുടെ പണമിടപാട് നടത്തിയ തന്നെ ഇപ്പോള്‍ മക്കള്‍ തിരിഞ്ഞുനോക്കാതെയായെന്നും ഇവര്‍ പറയുന്നു. അഞ്ച് മാസത്തിനകം പലിശയുള്‍പ്പെടെ മടക്കിനല്‍കാമെന്ന പേരിലായിരുന്നു ഇടപാട്. ആറ് മാസത്തിനകം വാങ്ങിയ പണം മുഴുവന്‍ രണ്ടുഘട്ടമായി തിരികെ നല്‍കാമെന്ന് രേഖാമൂലം കമീഷന് നല്‍കിയ ഉറപ്പിന്മേല്‍ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായി. ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 122 കേസുകള്‍ പരിഗണിച്ചു. ഇതില്‍ 47 എണ്ണം തീര്‍പ്പാക്കി. 14 എണ്ണം പൊലീസ് റിപ്പോര്‍ട്ടിനയച്ചു. മൂന്നെണ്ണം കൗണ്‍സലിങ്ങിന് വിട്ടു. ഒറ്റ കക്ഷികള്‍ മാത്രം ഹാജരായ 33 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 25 കേസുകളില്‍ ഇരുകക്ഷികളും ഹാജരായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.