തലസ്ഥാന നഗരത്തില്‍ വരുന്നത് മുഖംമിനുക്കിയ മാസ്റ്റര്‍പ്ളാന്‍

തിരുവനന്തപുരം: വിവാദങ്ങളൊഴിവാക്കിയും മുഖംമിനുക്കിയും തലസ്ഥാനനഗരത്തിന് പുതിയ മാസ്റ്റര്‍പ്ളാന്‍ തയാറാകുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ പുതിയ മാസ്റ്റര്‍പ്ളാന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍ ഭരണസമിതിയും ഉദ്യോഗസ്ഥരും. ഇതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി ലഭിക്കണമെങ്കിലും നഗരത്തിന് സമഗ്രമായൊരു മാസ്റ്റര്‍പ്ളാന്‍ അനിവാര്യമാണ്. അതുകൂടി മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ആദ്യപടിയായി ഇടക്കാല വികസന ഉത്തരവ് തയാറാക്കുന്നതിന് നിയോഗിച്ച വിദഗ്ധസമിതിയും മേല്‍നോട്ടസമിതിയും അവരുടെ ആദ്യയോഗം ചേര്‍ന്നു. കഴിഞ്ഞ സര്‍ക്കാര്‍ പുറത്തിറക്കിയ മാസ്റ്റര്‍പ്ളാനിലെ വിവാദമായ പല ഉത്തരവുകളും റദ്ദ് ചെയ്തു. ഹരിതമേഖലയില്‍ (ഗ്രീന്‍സ്ട്രിപ്) മൂന്ന് സെന്‍റില്‍ മാത്രമേ വീട് നിര്‍മാണം പാടുള്ളൂവെന്നായിരുന്നു ഉണ്ടായിരുന്ന നിബന്ധന. അതുമാറ്റി 10 സെന്‍റ് ആക്കി നിശ്ചയിക്കാനും തീരുമാനിച്ചു. എന്നാല്‍ 3000 ചതുരശ്രയടിക്ക് മുകളിലുള്ള വീടുകള്‍ക്ക് അനുമതിയുണ്ടാവില്ല. അടുത്തയാഴ്ചയും വീണ്ടും ഇരുസമിതികളും യോഗംചേരും. തയാറാക്കുന്ന ഇടക്കാല വികസന ഉത്തരവ് പ്രത്യേക കൗണ്‍സിലിന്‍െറ അംഗീകാരത്തിന് സമര്‍പ്പിക്കും. പുതിയ മാസ്റ്റര്‍പ്ളാന്‍ തയറാക്കാന്‍ ഒരുവര്‍ഷം വേണമെന്നതിനാലാണ് കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരികയും പിന്നീട് റദ്ദാക്കുകയും ചെയ്ത മാസ്റ്റര്‍പ്ളാനിലെ യോഗ്യമായ ഭാഗങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകുന്നത്. ടൗണ്‍ ആന്‍ഡ് കണ്‍ട്രിപ്ളാന്‍ നിയമമനുസരിച്ച് പുതിയ മാസ്റ്റര്‍പ്ളാന്‍ നിലവില്‍ വരുന്നതുവരെ നഗരവികസനത്തിന് ഇടക്കാല ഉത്തരവ് വേണം. അതിപ്പോള്‍ ഇല്ലാത്തതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും അനുമതി കിട്ടാതെ നഗരവാസികള്‍ വിഷമത്തിലാണ്. അക്കാര്യംകൂടി പരിഗണിച്ചാണ് തീരുമാനം വേഗത്തിലാക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്. 15നകം രൂപരേഖ സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മേയര്‍ ചെയര്‍പേഴ്സനും സെക്രട്ടറി കണ്‍വീനറുമായ കമ്മിറ്റിയില്‍ ഡെപ്യൂട്ടി മേയര്‍, വിവിധ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, കൗണ്‍സിലില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ല ടൗണ്‍പ്ളാനര്‍, കോര്‍പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍, അസി. എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അംഗങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.