വര്‍ക്കല നാറുന്നു; മൂക്കുപൊത്തി നാട്ടുകാര്‍

വര്‍ക്കല: റോഡുവശങ്ങളിലും ടൗണിന്‍െറ മധ്യത്തും തുറസ്സായ ഇടങ്ങളിലും മാലിന്യക്കൂമ്പാരങ്ങള്‍ പെരുകുന്നു. നഗരം ചീഞ്ഞുനാറുന്നതിനാല്‍ മൂക്കുപൊത്തിയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. ടൗണിലെ വര്‍ക്കല ക്ഷേത്രംറോഡില്‍ താലൂക്ക് ആശുപത്രിയുടെ പരിസരങ്ങള്‍, കിളിത്തട്ടുമുക്ക് പ്രദേശങ്ങള്‍, ഹോമിയോ ആശുപത്രി ഇടറോഡ്, മൈതാനം റൗണ്ട് എബൗട്ടിന് മുന്‍വശം, മുനിസിപ്പല്‍ പാര്‍ക്കിന് കിഴക്കുവശം, അടഞ്ഞുകിടക്കുന്ന ഗേറ്റ് പരിസരം, കോടതി ജങ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, ജവഹര്‍പാര്‍ക്ക് ഗേറ്റ്, വാസുതിയറ്റര്‍ പരിസരം, പുന്നമൂട്, പുത്തന്‍ചന്ത മാര്‍ക്കറ്റ് പരിസരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യക്കൂനകളാണ്. ദിനംപ്രതി മാലിന്യം നീക്കുന്നുണ്ടെന്നാണ് നഗരസഭയും ആരോഗ്യവിഭാഗം ജീവനക്കാരും അവകാശപ്പെടുന്നത്. എന്നാല്‍, എല്ലാ പ്രഭാതങ്ങളിലും നഗരവാസികള്‍ കണികണ്ടുണരുന്നത് മാലിന്യക്കൂനകളാണ്. നഗരത്തിലെ താമസക്കാര്‍ തന്നെയാണ് മാലിന്യം നിറച്ച ബാഗുകള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരില്‍ മുന്നില്‍. കച്ചവടക്കാരും പിന്നിലല്ല. ഹോട്ടലുകള്‍, പഴം പച്ചക്കറി സ്റ്റാളുകള്‍ എന്നിവരെല്ലാം വലിയ ക്യാരി ബാഗുകളിലും ചാക്കുകളിലും നിറച്ചാണ് വാഹനങ്ങളിലത്തെിച്ച് മാലിന്യം പാതവക്കുകളില്‍ നിക്ഷേപിക്കുന്നത്. ഇടറോഡുകളിലും ഇത് പതിവ് കാഴ്ചകളാണ്. മാലിന്യം കടിച്ചുവലിച്ച് നടക്കുന്ന തെരുവുനായ്ക്കളും അനവധിയുണ്ട്. തെരുവുനായ്ക്കളെ കണ്ട് ഭയന്നോടുന്ന വഴിയാത്രക്കാരും അപകടത്തില്‍പെടുന്നുണ്ട്. ഞായറാഴ്ച ദിവസങ്ങളില്‍ നഗരവും പരിസരവും ദുര്‍ഗന്ധപൂരിതമാകും. ഞായറാഴ്ചകളില്‍ മാലിന്യം നീക്കാത്തതിനാല്‍ തിങ്കളാഴ്ചയും നഗരവാസികളും വഴിയാത്രക്കാരും ദുരിതം അനുഭവിക്കേണ്ടിവരുകയാണ്. നഗരസഭയുടെ രണ്ട് പ്രധാന ഉപടൗണുകളായ പുന്നമൂടും പുത്തന്‍ചന്തയും അളിഞ്ഞുനാറാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഒരു ഫലവുമില്ല. പുന്നമൂട് മാര്‍ക്കറ്റിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടുകയും മാലിന്യം തൊട്ടടുത്ത വീടിന്‍െറ കിണറിലേക്ക് കുത്തിയൊലിച്ച് ഒഴുകാനും തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നേയില്ല. നഗരപ്രദേശത്ത് നിന്നുള്ള മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനമൊന്നും ചവര്‍ സംസ്കരണ പ്ളാന്‍റിലില്ല. അവിടം വെറുമൊരു ഡമ്പിങ് യാര്‍ഡ് മാത്രമാണ്. ദിനംതോറും ടൗണില്‍നിന്ന് കോരിമാറ്റുന്ന മാലിന്യം കണ്വാശ്രമത്തിലെ ഡമ്പിങ് യാര്‍ഡില്‍ കൊണ്ടുവന്ന് കുന്നുകൂട്ടുകയാണ്. ഇതുമൂലം പ്രദേശവാസികളുടെ ജീവിതം നരകതുല്യമായിട്ട് ആറുവര്‍ഷം കഴിയുന്നു. ഈച്ചയും കൊതുകും ക്ഷുദ്രപ്രാണികളും പേപ്പട്ടികള്‍ ഉള്‍പ്പെടെയുള്ള തെരുവുനായ്ക്കളും കണ്വാശ്രമം പ്രദേശത്ത് വിഹരിക്കുകയാണ്. രൂക്ഷമായ പരിസ്ഥിതിപ്രശ്നങ്ങളാണ് ഇവിടെയുള്ളത്. നിരന്തരം പകര്‍ച്ചവ്യാധികള്‍ക്ക് ചികിത്സതേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. മാത്രമല്ല, ആഹാരം പാകംചെയ്യാനോ ഭക്ഷണം കഴിക്കാനോ പോലും സാധിക്കാത്തവിധം നാട്ടുകാരുടെ ജീവിതം നരകതുല്യമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.